ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശി ചിത്രപ്രദര്‍ശനം

ദുബൈ: ദുബൈ ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ താല്‍ക്കാലിക പവലിയനില്‍ ഇതള്‍ വിരിയുന്നത് ഫോട്ടോഗ്രാഫിയുടെയും ദുബൈയുടെയും ചരിത്രം. 23 രാജ്യങ്ങളിലെ 129 ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 868 ചിത്രങ്ങള്‍ ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് അപൂര്‍വ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ചിത്രപ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. 
ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി അവാര്‍ഡിനോടനുബന്ധിച്ചാണ് ലോക ഫോട്ടോഗ്രാഫി ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തുതന്നെ അപൂര്‍വമായി ലഭിക്കുന്ന ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശനത്തിന് അണിനിരത്തിയിരിക്കുന്നത്. ‘ദി ഡ്രോണ്‍ഡ് മാന്‍’ എന്ന് പേരിട്ട ലോകത്തെ ആദ്യത്തെ സെല്‍ഫി ചിത്രമാണ് പ്രദര്‍ശനത്തിലെ ഏറ്റവും പഴയത്. 1840ല്‍ ഹിപോലൈറ്റ് ബയാര്‍ഡ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണിത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സ്വകാര്യ ശേഖരത്തിലുള്ള യു.എ.ഇയുടെ അപൂര്‍വ ചിത്രങ്ങളാണ് മറ്റൊരു പ്രത്യേകത. 1950 മുതല്‍ 70 വരെ കാലയളവിലെ വിലമതിക്കാനാവാത്ത ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അറബ് ഫോട്ടോഗ്രാഫര്‍ ഓസ്കര്‍ മിട്രിയുടെ ചിത്രങ്ങള്‍ യു.എ.ഇയുടെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നു. 1971ല്‍ ട്രൂഷ്യല്‍ സ്റ്റേറ്റ്സില്‍ നിന്ന് ബ്രിട്ടീഷ് സൈന്യത്തെ പിന്‍വലിക്കാന്‍ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദും ബ്രിട്ടീഷ് ഹൈകമീഷണറും തമ്മില്‍ ഒപ്പിടുന്ന ചിത്രവും ഇതില്‍പെടും.  
6211 കിലോമീറ്റര്‍ നീളമുള്ള ചൈനയിലെ യാങ്സി നദിയെ നാലുവര്‍ഷമെടുത്ത് പകര്‍ത്തിയ യാങ് വാങ് പ്രസ്റ്റന്‍െറ ചിത്രങ്ങള്‍ വേറിട്ട കാഴ്ചയാണ്. നദിയുടെ ഭാവമാറ്റം ചിത്രങ്ങളില്‍ പ്രകടമാണ്. 
20 മീറ്റര്‍ നീളമുള്ള പേപ്പറില്‍ പകര്‍ത്തിയ ക്ളോഡിയ ജാഗ്വരിബിന്‍െറ സാവോപോളോ നഗരത്തിന്‍െറ ചിത്രം, ലോകത്തെ 100 വിമാനത്താവളങ്ങളുടെ ആയിരത്തോളം ദൃശ്യങ്ങള്‍ പകര്‍ത്തി കാസിയോ വാസ്കോണ്‍സലോസ് ഒരുക്കിയ പൂള്‍ ഫോട്ടോഗ്രാഫി, ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആന്‍േറായിന്‍ ഡിഅഗതയുടെ 99 സെല്‍ഫ് പോര്‍ട്രയറ്റുകള്‍ എന്നിവയും കാഴ്ചക്ക് വിരുന്നേകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.