ഷാര്‍ജ: റമദാന്‍ സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, യു.എ.ഇയിലെ തെരുവോരങ്ങളും ചത്വരങ്ങളും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. ദീപാലങ്കാരങ്ങളുടെ പ്രഭയിലാണിപ്പോള്‍ തെരുവുകളും മറ്റും. പള്ളികള്‍, ചന്ദ്രകല, ശരറാന്തല്‍ തുടങ്ങിയവയുടെ മാതൃകകള്‍ കൊണ്ടാണ് അലങ്കാരങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ പണ്ട് കാലം മുതല്‍ തന്നെ ഇത്തരത്തിലുള്ള അലങ്കാരങ്ങളുണ്ട്. റമദാനില്‍ വീടുകളും പള്ളികളും വീഥികളും ദീപങ്ങളില്‍ കുളിപ്പിച്ച് നിറുത്തിയാലെ അറബികള്‍ക്ക് സംതൃപ്തി വരികയുള്ളു. പഴയ തലമുറ കൊണ്ട് നടന്ന സാംസ്കാരികമായ ശീലങ്ങള്‍ കൈവെടിയാതെ പുതുതലമുറ കൊണ്ട് നടക്കുന്നത് കൊണ്ട്, ഇത്തരം അലങ്കാരങ്ങള്‍ക്ക് തിളക്കം കൂടുന്നു. ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ ഭാഗങ്ങളിലാണ് അലങ്കാരങ്ങള്‍ കൂടുതലുള്ളത്. മറ്റിടങ്ങളിലും അലങ്കരിക്കുന്ന ജോലികള്‍ തുടരുന്നുണ്ട്. റാസല്‍ഖൈമയില്‍ ശൈഖ് മുഹമദ് ബിന്‍ സായിദ് റോഡ് ചെന്ന് ചേരുന്ന റൗണ്ടെബൗട്ടില്‍ വലിയ അലങ്കാരങ്ങളാണ് തീര്‍ത്തിരിക്കുന്നത്. പച്ച നിറത്തിലുള്ള വലിയ വൃത്തത്തിനകത്ത് ശരറാന്തലും പള്ളിയും തീര്‍ത്താണ് അലങ്കാരം. പുല്‍മേട്ടില്‍ തീര്‍ത്ത ഈ അലങ്കാരം മനോഹരമാണ്. ഫുജൈറയില്‍ റമദാനിനോട് അനുബന്ധിച്ചുള്ള രാത്രി ചന്തക്ക് തുടക്കമായിട്ടുണ്ട്. ഷാര്‍ജ എക്സ്പോ സെന്‍ററില്‍ റമദാന്‍ വില്ളേജ് ജൂണ്‍ 16ന് ആരംഭിക്കും. സാംസ്കാരിക പരിപാടികളും, റമദാന്‍ പ്രഭാഷണങ്ങളും വിപണിയോടനുബന്ധിച്ച് നടക്കും. പെരുന്നാള്‍ വരെ ഇത് നീളും. റമദാനില്‍ ഇഫ്താര്‍ വിരുന്നൊരുക്കാനുള്ള കൂടാരങ്ങളും എമിറേറ്റുകളില്‍ പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.