ദുബൈ: ലോകത്തെ ജലസുരക്ഷക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി 25 കോടി ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് യു.എ.ഇ. രാജ്യത്തിന്റെ യൂനിയൻ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കോപ് 28 വേദിയിൽ നടത്തിയിരിക്കുന്നത്.
ഉച്ചകോടി വേദിയിൽ നടന്ന ആരോഗ്യം, പരിസ്ഥിതി, ജലം, ഊർജം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മേളനത്തിൽ യു.എ.ഇ സഹമന്ത്രി അഹമദ് ബിൻ അലി അൽ സായിഗാണ് പ്രഖ്യാപനം നടത്തിയത്. കോപ് 28 നടക്കുന്നത് ലോകത്തെ ഏറ്റവും ജലദൗർലഭ്യമുള്ള ഒരു പ്രദേശത്താണ് നടക്കുന്നതെന്ന് ഓർമിക്കണമെന്നും, എന്നാൽ ഈ മേഖല മാത്രമല്ല, മുഴുവൻ ലോകവും ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യമാണെന്നും മന്ത്രി ഓർമപ്പെടുത്തി.
സമീപകാല കണക്കുകൾപ്രകാരം, 2025ഓടെ 180 കോടിയിലധികം ആളുകൾ ജലക്ഷാമമുള്ള രാജ്യങ്ങളിലോ പ്രദേശങ്ങളിലോ താമസിക്കുന്ന അവസ്ഥയുണ്ടാകും. അതായത്, ആവശ്യത്തിനനുസരിച്ച വിതരണം ഇല്ലാത്ത സാഹചര്യത്തിൽ ജീവിക്കേണ്ടതായിവരും. സമ്പൂർണ ജലക്ഷാമം ഇല്ലെങ്കിൽപോലും, ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും ജലദൗർലഭ്യം അനുഭവിച്ചാണ് ജീവിക്കുന്നത്. ജലവും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധം നമ്മുടെ എല്ലാ പരിശ്രമങ്ങളുടെയും കേന്ദ്രമായിരിക്കണം. ഈ ബഹുമുഖ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് യു.എ.ഇയുടെ ഫണ്ട് സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.