ദുബൈ: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ദുബൈയിൽ 634 കിലോമീറ്റർ നീളത്തിൽ പുതിയ റോഡുകൾ നിർമിക്കാൻ 370 കോടി ദിർഹമിന്റെ പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി.
പാർപ്പിട, വാണിജ്യ, വ്യവസായ മേഖലകളിലായി 21 പദ്ധതികളാണ് പുതിയ റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ദുബൈയിലെ ജനസംഖ്യ വളർച്ചക്കും നഗരവികസനത്തിനും അനുസൃതമായാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 12 മേഖലകളിൽ 30 മുതൽ 80 ശതമാനം വരെയാണ് നഗരവത്കരണ നിരക്ക്.
നഗരങ്ങളിലെ ജനസംഖ്യയുടെ വലുപ്പത്തിലുള്ള മാറ്റത്തെ നഗരവത്കരണ നിരക്ക് സൂചിപ്പിക്കുകയും അതിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും. മുഹമ്മദ് ബിൻ റാശിദ് ഭവന പദ്ധതിയുടെ ഭാഗമായ 482 യൂനിറ്റുകൾക്കായി 2025ൽ നാദൽ ഷിബ 3, അൽ അമർദി എന്നിവിടങ്ങളിൽ പുതിയ റോഡുകൾ നിർമിക്കും.
കൂടാതെ ഹത്തയിലും അടുത്ത വർഷം ഇടറോഡുകൾ നിർമിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. 2026ൽ നാദ് ഹസ്സയിലും അൽ അവീർ ഒന്നിലും 92 കിലോമീറ്റർ റോഡ് നിർമിക്കും.
2027ൽ അൽ അത്ബാ, മുശ്രിഫ്, ഹത്ത എന്നിവിടങ്ങളിൽ 45 കിലോമീറ്റർ റോഡും വർസാൻ 3ൽ 14 കിലോമീറ്റർ റോഡും നിർമിക്കും. 2028ൽ ആണ് ഏറ്റവും വലിയ റോഡ് പദ്ധതി നടപ്പാക്കുക.
അൽ അവീർ 1, വാദി അൽ അമർദി, ഹിന്ദ് 3 എന്നീ മൂന്ന് കമ്യൂണിറ്റികൾക്കായി 284 കിലോമീറ്റർ നീളമുള്ള ഇടറോഡുകളാണ് ഈ വർഷം നിർമിക്കുക. അൽ അവീർ ഒന്നിൽ 221 കിലോമീറ്ററും വാദി അൽ അമർദിയിൽ 22 കിലോമീറ്ററും ഹിന്ദ് 3യിൽ 41 കിലോമീറ്റർ റോഡുമാണ് നിർമിക്കുന്നത്.
ഈ പദ്ധതി 2029 വരെ നീളും. കൂടാതെ ഹിന്ദ് 4, അൽ യലായിസ് 5 എന്നിവിടങ്ങളിൽ 200 കിലോമീറ്റർ ഇടറോഡുകളും നിർമിക്കുമെന്ന് മതാർ അൽ തായർ പറഞ്ഞു. 2024 -27 വർഷങ്ങളിലായി മെയിൻ റോഡുകളുടെ നിർമാണത്തിന് അടുത്തിടെ ആർ.ടി.എ 1600 കോടി ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
60 ലക്ഷം ജനങ്ങൾക്കായി 22 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷത്തോടെ ദുബൈയിലെ വ്യവസായ, റെസിഡൻഷ്യൽ ഏരിയകളിലായി ആകെ റോഡുകളുടെ നീളം 6000 കിലോമീറ്ററിലെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.