ദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിച്ചേർന്നതായി ദുബൈ ഹെൽത്ത് അതോറിറ്റി. ആരോഗ്യ വിനോദസഞ്ചാരികൾ ആകെ 99.2 കോടി ദിർഹം എമിറേറ്റിൽ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ ടൂറിസ്റ്റുകളിൽ 39 ശതമാനം പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും 22 ശതമാനം യൂറോപ്പിൽനിന്നും 21 ശതമാനം അറബ്, ഗൾഫ് രാജ്യങ്ങളിൽനിന്നുമാണ്. ഉയർന്ന ഗുണമേന്മയുള്ള ചികിത്സ ലഭ്യമായതാണ് ദുബൈയെ അറബ്, അന്തർദേശീയ മേഖലയിൽ ആരോഗ്യ പരിപാലന രംഗത്ത് ഉന്നത നിലയിലെത്തിച്ചതെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ അവദ് അൽ കിത്ബി പറഞ്ഞു.
ദുബൈയുടെ തന്ത്രപ്രധാനമായ സ്ഥാനം, സുരക്ഷ, അസാധാരണമായ അടിസ്ഥാന സൗകര്യങ്ങൾ, ലോകത്തെ മുൻനിര സൗകര്യങ്ങൾ എന്നിവ മെഡിക്കൽ ടൂറിസം ഹബ് എന്ന നിലയിലെ വളർച്ചയുടെ ഘടകങ്ങളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.2021നെ അപേക്ഷിച്ച് സാമാന്യം മികച്ച വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
6.3 ലക്ഷം സന്ദർശകരാണ് 2021ൽ എമിറേറ്റിൽ എത്തിയിരുന്നത്. ഇവർ ചെലവഴിച്ച തുക 73 കോടി ദിർഹമാണ്. 26 കോടി ദിർഹമിന്റെ വളർച്ചയാണ് വരുമാനത്തിൽ ആകെ രേഖപ്പെടുത്തിയത്.
അമേരിക്കയിലെ മെഡിക്കൽ ടൂറിസം അസോസിയേഷൻ നേരത്തെ ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ടൂറിസം കേന്ദ്രമായി ദുബൈയെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും മികച്ച 46 അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തായി യു.എ.ഇ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
ഡെർമറ്റോളജി, ഡെന്റിസ്ട്രി, ഗൈനക്കോളജി എന്നിവയിലാണ് ഏറ്റവും കൂടുതൽ പേർ എമിറേറ്റിൽ ചികിത്സ തേടുന്നത്.
ഓർത്തോപീഡിക്, പ്ലാസ്റ്റിക് സർജറി, ഒഫ്താൽമോളജി, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് എന്നി മേഖലകളിലേക്കും ചികിത്സക്ക് സന്ദർശകർ എത്തിച്ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.