ദുബൈ: കുപ്രസിദ്ധമായ ‘ബഹ്ലൂൽ ഗ്യാങ്ങി’ലെ 80 അംഗ കൊള്ളസംഘത്തിന് ജീവപര്യന്തം ഉൾപ്പെടെ കടുത്ത ശിക്ഷ വിധിച്ച് അബൂദബി കോടതി. 80 പ്രതികളിൽ 18 പേർക്ക് ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചപ്പോൾ 46 പേർക്ക് 15 വർഷം തടവും 16 പ്രതികൾക്ക് അഞ്ചു വർഷം തടവുമാണ് കോടതി വിധിച്ചത്. ജയിൽ ശിക്ഷ കൂടാതെ പ്രതികൾ 10 ലക്ഷം ദിർഹം വീതം പിഴയൊടുക്കാനും കോടതി നിർദേശിച്ചു.
പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത പണം, സ്വത്തുക്കൾ, കാറുകൾ, ആയുധങ്ങൾ എന്നിവ കണ്ടുകെട്ടാനും അബൂദബി ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ ഉത്തരവിട്ടു. സംഘത്തിലെ ചില പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ദേശ സുരക്ഷക്കും പൊതുസമൂഹത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സംഘത്തെ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ശംസി നേരത്തേ വിചാരണക്കായി കോടതിയിലേക്ക് റഫർ ചെയ്തിരുന്നു. ഈ കേസിലാണ് വെള്ളിയാഴ്ച അബൂദബി കോടതി വിധി പ്രസ്താവിച്ചത്. കവർച്ചയിലൂടെയും അനധികൃത ഇടപാടിലൂടെയും സ്വരൂപിക്കുന്ന പണം അംഗങ്ങൾക്കിടയിൽ വീതിച്ചെടുക്കുകയാണ് ‘ബഹ്ലൂൽ ഗ്യാങ്ങി’ന്റെ രീതി.
ഇതിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തിക്കുന്ന മേഖലകളിൽ നിയന്ത്രണവും സ്വാധീനവും ചെലുത്തുകയാണ് പതിവ്. ഇതുവഴി സംഘത്തിലേക്ക് കൂടുതൽ ആളുകളേയും ഉൾപ്പെടുത്തിയിരുന്നു. തോക്കുകൾ ഉൾപ്പെടെ നിരോധിത മാരകായുധങ്ങൾ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തിയാണ് പണം കവർന്നിരുന്നത്. ഇങ്ങനെ ലഭിക്കുന്ന സമ്പാദ്യങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിലൂടെ വെളുപ്പിക്കുകയും ചെയ്തിരുന്നതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. പൊതുസമൂഹത്തിന് ഏറെ സുരക്ഷ ഭീഷണി ഉയർത്തിയ സംഘത്തെ അതിവിദഗ്ധമായാണ് പൊലീസ് കീഴടക്കിയത്.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ സംഭവത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) നിയമ നടപടി സ്വീകരിച്ചുവരുകയാണ്.
ഇക്കഴിഞ്ഞ ജനുവരി മുതൽ കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ഏതാണ്ട് 6.5 ലക്ഷം ദിർഹമാണ് അധികൃതർ പിഴ ചുമത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം ലംഘിക്കുകയും ഭീകരവിരുദ്ധ സംഘങ്ങൾക്ക് ഫണ്ട് നൽകുകയും ചെയ്ത സ്ഥാപനങ്ങൾക്കെതിരെ അഞ്ചു ലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.