ഷാർജ: കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഷാർജ കുട്ടികളുടെ വായനോത്സവം കണ്ടത് 80,000 പേർ. ഷാർജ വേൾഡ് എക്സ്പോ സെൻററിൽ 11 ദിവസം നീണ്ട 12ാമത് ഉത്സവത്തിൽ അറിവുകളുടെ പുത്തൻ ലോകമാണ് തുറന്നത്.
ഷാർജയുടെ കിഴക്കൻ തീരത്തുള്ള നഗരങ്ങളിലേക്കും അബൂദബി, ദുബൈ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലെ കുട്ടികൾക്കും വിരുന്നൊരുക്കിയാണ് പുസ്തകോത്സവം സമാപിച്ചത്. 'ഫോർ യുവർ ഇമാജിനേഷൻ' എന്ന ശീർഷകത്തിൽ നടന്ന വിജ്ഞാനോത്സവം 12 വർഷത്തെ ചരിത്രത്തിൽ പുതിയ അധ്യായം അടയാളപ്പെടുത്തിയാണ് തിരശ്ശീലയിട്ടത്.
പുതിയ ലോകങ്ങൾ കാണാനും കളിക്കാനും പഠിക്കാനും സമപ്രായക്കാരുമായും പ്രിയപ്പെട്ട രചയിതാക്കളുമായും സംവദിക്കാനും കഴിവുകൾ വികസിപ്പിക്കാനും വലിയ അവസരമാണ് കുട്ടികൾക്ക് ലഭിച്ചതെന്ന് എസ്.ബി.എ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. വായനോത്സവം അവതരിപ്പിച്ച 537 പരിപാടികളിൽ ഓരോന്നിൽനിന്നും കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുകയും പ്രാദേശികവും ആഗോളവുമായ സംസ്കാരങ്ങളിൽ കൂടുതൽ ബോധമുള്ളവരാകുകയും ചെയ്തതായി ബുക്ക് അതോറിറ്റി ജനറൽ കോഓഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു.
കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സാംസ്കാരിക പരിപാടികളിലൊന്നാണ് ഷാർജ കുട്ടികളുടെ വായനോത്സവം. ഇതു കുട്ടികളെ മാത്രമല്ല, ശാസ്ത്ര- സാഹിത്യ മേഖലകളിലെ എല്ലാ സന്ദർശകർക്കും വായനയുടെ സന്തോഷം പകരുന്ന സംയോജിത ഉത്സവമായിരുെന്നന്നാണ് സന്ദർശകർ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.