പൂക്കളും പുല്‍മേടുകളും പൂതുമ്പികളും സ്വരം താഴ്ത്തി പാടുന്ന വഴിതാരയിലൂടെ, ജലനടനം കണ്ട് കവിത പെയ്യുന്ന മനസുമായി നിങ്ങള്‍ നടന്നു പോയിട്ടുണ്ടോ, ഇല്ലങ്കില്‍ ഷാര്‍ജയിലെ അല്‍ മജാസ് ഉദ്യാന നഗരിയിലേക്ക് വന്നാല്‍ മതി. ഹരിത കാന്തിയില്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഉദ്യാനത്തിലൂടെ പോകുമ്പോള്‍ ആരോ പിന്നാലെ നടന്ന് പാടുന്നതായി തോന്നും. സത്യത്തില്‍ അത് തോന്നലല്ല, ആധുനിക സംവിധാനത്തിലൂടെ ഒരുക്കിയ ഗാന വിരുന്നാണത്. 2,31,000 ചതുരശ്രയടി വിസ്തൃതിയുളള ഉദ്യാന നഗരിയിലെ നടപ്പാതകള്‍ ഒരേ സമയം സഞ്ചാരികള്‍ വിനോദത്തിനും വിശ്രമത്തിനും വ്യായാമത്തിനും ഉപയോഗപ്പെടുത്തുന്നു. ഉദ്യാനത്തിന് അഴക് വിരിച്ച് കടലോളം മനസുള്ള ഖാലിദ് തടാകം. തടാകത്തിലെ കുഞ്ഞു ദ്വീപുകളില്‍ ആംഫി തിയ്യറ്ററും ചിത്ര ശലഭങ്ങളുടെ ഉദ്യാനവും.
തടാകത്തിലൂടെ ബോട്ടുകളില്‍ ചുറ്റിയടിക്കാനുള്ള സൗകര്യമുണ്ട്. പാര്‍ക്കില്‍ ഉല്ലസിക്കാന്‍ സൈക്കിളുകളും ലഭിക്കും. തടാകത്തിലെ അത്യാധുനിക ശബ്ദവെളിച്ച സാങ്കേതികവിദ്യകള്‍ ഒന്നിക്കുന്ന 220 മീറ്റര്‍ വിസ്താരത്തിലുള്ള ജലധാര ഏറെ ശ്രദ്ധേയമാണ്. ഇതില്‍ 100 മീറ്റര്‍ ഉയരത്തില്‍ വരെ ജലം ചാടിക്കളിക്കും. സംഗീതത്തിെൻറയും വര്ണദീപങ്ങളുടെയും ലേസര്‍ സാങ്കേതികവിദ്യയുടെയും മികവില്‍ നൃത്തമാടുന്ന ജലധാര സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം സമ്മാനിക്കും. വെള്ളവും വെളിച്ചവും ഉപയോഗിച്ച് തയ്യാറാക്കിയ യു.എ.ഇ പതാകയും ലേസര്‍ സംവിധാനത്തിലൂടെ ഒരുക്കിയ രാഷ്ര്ടപിതാവിെൻറയും ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ഇവിടെ മിന്നിമറയുന്നു.
തടാക കരയിലെ കൈവരികളില്‍ പിടിച്ച് നിന്ന് താഴേക്ക് നോക്കിയാല്‍ തെളിഞ്ഞ വെള്ളത്തില്‍ നൃത്തമാടുന്ന മത്സ്യങ്ങളെ കാണാം. മീന്‍പിടിക്കുന്നത് നിയമ വിരുദ്ധമായതിനാല്‍ തടാകത്തിലെ മത്സ്യ സമ്പത്തിന് വംശനാശ ഭീഷണിയില്ല. കടലില്‍ നിന്ന് താടകത്തിലേക്കും തിരിച്ചും മീനുകള്‍ ഉല്ലാസ യാത്ര നടത്തുന്നു. 12 കോടി ദിര്‍ഹം ചിലവിട്ടാണ് ഈ ഉദ്യാന നഗരി ഷാര്‍ജ ഒരുക്കിയത്. ഷാര്‍ജയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമാണിത്.
ലോകത്തെ വിവിധ രുചികള്‍ വിളമ്പുന്ന ഭക്ഷണ ശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ബോട്ടുകളുടെ പടയോട്ടത്തിന് തടാകം വര്‍ഷത്തില്‍ നിരവധി തവണ വേദിയാവുന്നു. ഇടക്കിടക്ക് മാലിന്യ മുക്തമാക്കുന്നതിനാല് വെള്ളത്തിനും ജലജീവികള്‍ക്കും യാതൊരുവിധ പരിക്കും എല്ക്കുന്നില്ല. സന്ദര്‍ശകര്‍ക്കായി നിരവധി വിനോദങ്ങള്‍ ഇവിടെയുണ്ട്. ഇടക്കിടക്ക് വിവിധ ആഘോഷങ്ങളും പ്രദര്‍ശനങ്ങളും അല്‍ മജാസില്‍ നടക്കുന്നു. ഇവിടെയുള്ള അല്‍ നൂര്‍ മസ്ജിദില്‍ എല്ലാ മതസ്ഥര്‍ക്കും കയറാന്‍ അനുമതിയുണ്ട്. ഷാര്‍ജ കേന്ദ്ര ബസ് ടെര്‍മിനലിനും അല്‍ വഹ്ദ റോഡിനും സമീപമായതിനാല് വാഹനമില്ലാത്തവര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ഇവിടെ എത്താം. കാഴ്ച്ചകള്‍ കണ്ട് നടക്കാനും ഇരിക്കാനും നയാപൈസ ചിലവില്ല. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ക്ക് പണം അടച്ചുള്ള പാര്‍ക്കിങ് സൗകര്യം അകത്തും പുറത്തും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.