ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടി വേദിയിൽ നവീന പദ്ധതി അവതരിപ്പിച്ച് മലയാളി സ്റ്റാർട്ട്അപ്. മലയാളി വിദ്യാർഥി സംരംഭമായ സാറാ ബയോടെക്കാണ് ശ്രദ്ധേയമായ പ്രദർശനം ഒരുക്കിയത്. ഉച്ചകോടിയിൽ പദ്ധതി അവതരിപ്പിക്കാൻ അവസരം ലഭിച്ച 22 സ്റ്റാർട്ട് അപ്പുകളിലെ ഏക ഇന്ത്യൻ സ്ഥാപനമാണിത്.
കടൽ പായൽ ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാർബൺ സാന്നിധ്യം കുറക്കുന്ന പദ്ധതിയാണ് ഇവർ അവതരിപ്പിച്ചത്. ഈ പായൽ കൊണ്ട് പ്രോട്ടീൻ സമ്പന്നമായ ബിസ്കറ്റ് കൂടി നിർമിക്കുന്നതാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ ബയോടെക് മുന്നോട്ടുവെക്കുന്ന പദ്ധതി. ഒബീലിയ എന്ന് പേരിട്ട ഈ പദ്ധതിക്ക് യു.എ.ഇ പോലെ മരങ്ങൾ കുറവായ സ്ഥലങ്ങളിൽ സാധ്യത ഏറെയാണെന്ന് ആശയം അവതരിപ്പിച്ച സാറ ബയോടെക് സ്ഥാപകൻ നജീബ് ബിൻ ഹനീഫ് പറഞ്ഞു. സമാനമായ ഉൽപന്നങ്ങൾ ബീ-ലൈറ്റ് എന്ന ബ്രാൻഡിൽ കമ്പനി നേരത്തെ വിപണിയിൽ ഇറക്കിയിട്ടുണ്ട്. 2019ൽ വിദ്യാർഥി സംരംഭമായി തുടങ്ങിയ കമ്പനി കേരള സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെയാണ് ലോകോത്തര വിപണിയിലേക്ക് ചുവടുവെച്ചത്. ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും ഫിഷ് ടാങ്ക് പോലെ തോന്നിക്കുന്ന സ്ഥലത്താണ് കടൽപായൽ വളർത്തുക. മരങ്ങളേക്കാൾ കൂടുതൽ വേഗത്തിൽ അന്തരീക്ഷത്തിലെ കാർബൺ വലിച്ചെടുത്ത് ഈ ആൽഗേ വളരും. രണ്ടാഴ്ച വളർച്ചയെത്തുന്ന ഇവയെ പിന്നീട് ബിസ്കറ്റ് നിർമാണത്തിന് ഉപയോഗിക്കും.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സെന്റർ ഫോർ ഇന്നൊവേഷനാണ് സാറാ ബയോടെക്കിനെ കോപ് 28 വേദിയിലേക്ക് ക്ഷണിച്ചത്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഉച്ചകോടിയിൽ ലഭിച്ചതെന്ന് നജീബ് ബിൻ ഹനീഫ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.