ദുബൈ: അഞ്ചു ദിവസങ്ങളിലായി വേൾഡ് ട്രേഡ് സെന്ററിൽ നടന്നുവന്ന ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദർശന മേളയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന്റെ (ജൈടെക്സ് ഗ്ലോബൽ) 44ാമത് എഡിഷന് പ്രൗഢമായ സമാപനം. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളുകളിലായി നടന്ന മേളയിൽ 180 രാജ്യങ്ങളിൽനിന്നായി 6500 കമ്പനികൾ പങ്കെടുത്തു.
നിർമിത ബുദ്ധി (എ.ഐ), സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഓരോ ദിനവും പതിനായിരക്കണക്കിന് സന്ദർശകരാണ് വേൾഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ റെക്കോഡ് സന്ദർശകരാണ് മേളയുടെ ഭാഗമായത്.
ശതകോടികളുടെ കരാറുകൾക്കും മേള സാക്ഷിയായി. മിഡിൽ ഈസ്റ്റിലും പുറത്തും ഉള്ള വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകളും ആശയങ്ങളും പ്രദർശിപ്പിച്ച മേളയിൽ ലോകത്തെ പ്രമുഖ കമ്പനികളുടെ 65,500 ഡയറക്ടർമാരും പങ്കാളികളായി. സാങ്കേതികവിദ്യയുടെ ഭാവി പുനർനിർവചിച്ച മേളകൂടിയായിരുന്നു ജൈറ്റെക്സ് ഗ്ലോബൽ. ലോകത്തിന് മുന്നേ സഞ്ചരിക്കുന്ന ആഗോള സങ്കേതിക വിദഗ്ധർ, കമ്പനി ഉടമകൾ, വ്യവസായ ഭീമന്മാർ, രാജ്യത്തിനകത്തേയും പുറത്തേയും വിവിധ സർക്കാർ വകുപ്പുകൾ.
എല്ലാവരും ചേർന്നതോടെ സാങ്കേതിക വിദ്യ രംഗത്തെ ഭാവിയിലെ മാറ്റങ്ങൾ കണ്ടറിയാൻ സന്ദർശകർക്കും സുവർണാവസരമൊരുങ്ങുകയായിരുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ തുടങ്ങി സർവ മേഖലകളേയും പരിചയപ്പെടുത്തിയാണ് മേളക്ക് തിരശ്ശീല വീണത്. അവസാന ദിനത്തിൽ അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി അറബിക് വിഷൻ ഇൻഫർമേഷൻ സംവിധാനവുമായി കരാറിൽ ഒപ്പുവെച്ചു.
ഏറ്റവും ആധുനികമായ ശബ്ദ സംവിധാനം, നെറ്റ്വർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, സ്ക്രീനുകൾ, മികച്ച പ്രകടനം നടത്താനാവുന്ന വർക്ക് സ്റ്റേഷനുകൾ ഉൾപ്പെടെ സമഗ്രമായ ആശയവിനിമയ സാങ്കേതിക പരിഹാരങ്ങൾ നൽകാനാണ് കരാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽനിന്നുള്ള പ്രമുഖ കമ്പനികളും നിക്ഷേപ സാധ്യതകൾ തേടി മേളയിൽ പങ്കെടുത്തിരുന്നു. നിർമിത ബുദ്ധിയിൽ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യകളാണ് ഇന്ത്യൻ പവലിയനുകൾ പ്രദർശിപ്പിച്ചത്.
നിരവധി പ്രമുഖ കമ്പനികൾ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപത്തിന് സന്നദ്ധ അറിയിച്ചിട്ടുണ്ടെന്ന് മേളയിൽ പങ്കെടുത്തവർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദേശ നിക്ഷേപത്തിൽ ഇത്തവണ വർധനയുണ്ടാവുമെന്നാണ് പ്രതീക്ഷ. ജൈടെക്സിന്റെ ഭാഗമായി ദുബൈ ഹാർബറിൽ നടന്ന സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുന്ന എക്സ്പാന്റ് നോർത്തേൺ സ്റ്റാർ മേള കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.