അബൂദബിയിലെ വനപ്രദേശങ്ങളിലും പ്രകൃതിദത്ത റിസർവുകളിലും സ്വാഭാവികമായി കാണപ്പെടുന്ന എല്ലാ നാട്ടുവൃക്ഷങ്ങളെയും ടാഗ് ചെയ്യുന്ന പുതിയ സംരംഭം ആരംഭിച്ച് അബൂദബി പരിസ്ഥിതി ഏജൻസി. സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, എമിറേറ്റിന്റെ പ്രകൃതി പൈതൃകം സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളിൽ മികച്ച സ്ഥാനം ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണ രംഗത്ത് ഇതിനകം നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ച ഏജൻസി വിവിധ പങ്കാളികളുമായി സഹകരിച്ചാണ് പുത്തൽ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ സ്ഥലങ്ങളിൽ സ്വാഭാവികമായി വളരുന്ന ഗാഫ്, സമർ, സിദ്ർ മരങ്ങൾ ഉൾപ്പെടെ ഒരു ലക്ഷം മരങ്ങളെ ടാഗ് ചെയ്യാനാണ് ഏജൻസി പദ്ധതിയിടുന്നത്. എമിറേറ്റിന്റെ വിവിധ മേഖലകളിൽ ട്രീ ടാഗിങ് പ്രവർത്തനം നടത്തും.
മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന് കീഴിലെ പാർക്കുകൾ, നഗരപ്രദേശങ്ങൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മരങ്ങൾ എന്നിവ ട്രീ ടാഗിംഗ് സംരംഭത്തിൽ ഉൾപ്പെടുത്തും. അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഡിപ്പാർട്ട്മെൻറ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം എന്നിവയുടെ സഹകരണത്തോടെ കാർഷിക, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നാടൻ മരങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തും. എമിറേറ്റിലെ വൃക്ഷങ്ങളെ കുറിച്ച ഡാറ്റ ശേഖരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ കാഴ്ചപ്പാടിനും ‘സുസ്ഥിരതാ വർഷം’ എന്ന സംരംഭം 2024ലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗവുമാണ് പരിപാടി. രാജ്യത്ത് സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ പരിസ്ഥിതി, പ്രകൃതി സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. അബൂദബിയിലെ പ്രാദേശിക നാടൻ മരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി വിപുലീകരിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാശിമി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങൾ, വിറക് ശേഖരണം, അമിതമായ മേച്ചിൽ തുടങ്ങിയ കൈയേറ്റങ്ങൾ ഉൾപ്പെടെ, പ്രദേശത്തെ നാട്ടുമരങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാനും പരിപാടി ലക്ഷ്യമിടുന്നു. 2023 നവംബറിൽ ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ, പ്രോഗ്രാം 17,000 മരങ്ങളെ വിജയകരമായി ടാഗ് ചെയ്തു കഴിഞ്ഞു. സമൂഹത്തെ ബോധവൽക്കരിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുക, മരത്തിൽ ഐഡൻറിഫിക്കേഷൻ ട്രീ ടാഗുകൾ ചേർക്കുക, 2 കോടിയിലധികം മരങ്ങളുടെ ഇലക്ട്രോണിക് കോഡിങ് നടപ്പിലാക്കുന്നതിന് പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.