ദുബൈ: ഒന്നര വർഷത്തിനുശേഷം യു.എ.ഇയിലെ ഫുട്ബാൾ ഗാലറിയിലേക്ക് ഇന്ന് കാണികളെത്തും. യു.എ.ഇയിലെ പ്രശസ്ത ഫുട്ബാൾ ടൂർണമെൻറായ പ്രസിഡൻഷ്യൽ കപ്പ് ഫുട്ബാളിെൻറ ഫൈനലിനാണ് 30 ശതമാനം കാണികളെ അനുവദിച്ചത്. വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം.
ഹസ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ച ആദ്യ ഔദ്യോഗിക പരിപാടിയാണിത്. യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ ഷബാബ് അൽ അഹ്ലിയും അൽനാസർ ക്ലബും തമ്മിലാണ് മത്സരം. കോവിഡ് മൂലം കഴിഞ്ഞ സീസൺ മത്സരങ്ങൾ നടന്നിരുന്നില്ല.
ഗാലറിയിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി. രണ്ട് ടീമുകളുടെയും കാണികളെ രണ്ട് വശങ്ങളിലായാണ് ഇരുത്തുന്നത്. ഓരോ സീറ്റുകൾക്കും ഇടയിൽ നിശ്ചിത അകലമുണ്ടായിരിക്കും. കാണികൾ കോവിഡ് വാക്സിെൻറ രണ്ട് ഡോസും പൂർത്തിയാക്കിയിരിക്കണം. മാത്രമല്ല, അൽ ഹൊസൻ ആപ്പിൽ 'ഇ' സ്റ്റാറ്റസ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. മത്സരത്തിന് 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ ഫുട്ബാൾ അസോസിയേഷനും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്നാണ് തീരുമാനം നടപ്പാക്കുന്നത്.
യു.എ.ഇയിലെ കായിക മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിെൻറ സൂചനകളാണ് ഇത് നൽകുന്നത്. ഇത് പരീക്ഷണമായാണ് നടത്തുന്നതെന്നും വിജയകരമായാൽ ജൂണിൽ നടക്കുന്ന ഏഷ്യൻകപ്പ് - ലോകകപ്പ്- യോഗ്യത മത്സരങ്ങളിലും കാണികളെ അനുവദിക്കുമെന്നും യു.എ.ഇ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. നേരത്തെ, യു.എ.ഇയിലെ വിവിധ കായിക മത്സരങ്ങളിൽ കാണികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. എന്നാൽ, വീണ്ടും കോവിഡ് വ്യാപകമായതോടെ പിന്നീടുള്ള മത്സരങ്ങളിൽനിന്ന് കാണികളെ ഒഴിവാക്കുകയായിരുന്നു.ഐ.പി.എല്ലും ക്രിക്കറ്റ് ലീഗുകളും രാജ്യാന്തര സൗഹൃദ ഫുട്ബാൾ മത്സരങ്ങളും നടത്തിയെങ്കിലും കാണികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.