അബ്രഹാമിക് ഫാമിലി ഹൗസ്
അബൂദബി: യു.എ.ഇ മുന്നോട്ടുവെക്കുന്ന സഹിഷ്ണുതയെ ലോകത്തോട് വിളംബരം ചെയ്ത് അബൂദബിയിൽ അബ്രഹാമിക് ഫാമിലി ഹൗസ് തുറന്നു. സാദിയാത് ദ്വീപിലാണ് മസ്ജിദും ചർച്ചും സിനഗോഗും ഒരു കോമ്പൗണ്ടിൽ മനോഹരമായി പണികഴിപ്പിച്ചത്. കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്റർ വഴിയാണ് അറിയിച്ചത്. പരസ്പര ബഹുമാനം, സഹകരണം, വൈവിധ്യം എന്നിവയുടെ ശക്തി ഉപയോഗപ്പെടുത്തി പുരോഗതി കൈവരിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധരാണെന്ന് ഉദ്ഘാടന കാര്യം അറിയിച്ചുള്ള ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.
പഠനത്തിനും സംവാദത്തിനും ആരാധനക്കുമുള്ള ഇടം എന്ന നിലയിൽ അബ്രഹാമിക് ഫാമിലി ഹൗസ് രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായിത്തീരും. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ്, ഫ്രാൻസിസ് മാർപാപ്പ, 12ാം നൂറ്റാണ്ടിലെ യഹൂദ തത്ത്വചിന്തകനായ മോസസ് ബെൻ മൈമൺ എന്നിവരുടെ പേരിലാണ് മൂന്ന് ആരാധനാലയങ്ങളും അറിയപ്പെടുക. ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവക്കിടയിൽ പങ്കിടുന്ന മൂല്യങ്ങളെ ഉയർത്തിക്കാണിക്കുന്നതാണ് പദ്ധതിയുടെ രൂപകൽപന. മാർച്ച് ഒന്നു മുതൽ കോമ്പൗണ്ട് പൊതുജനങ്ങൾക്കായി തുറക്കും. രാവിലെ 10 മുതലാണ് സന്ദർശനം അനുവദിക്കുക. സന്ദർശനത്തിന് മുൻകൂട്ടി ബുക്കിങ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.