അബൂദബി: തലസ്ഥാന എമിറേറ്റിൽ പ്രഫഷനൽ കമ്പനികളുടെ ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാക്കാൻ വിദേശികളെ അനുവദിക്കും.
പുതിയ നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 604 പ്രഫഷനൽ പ്രവർത്തനങ്ങൾക്ക് ലൈസൻസ് വിദേശികൾക്ക് അനുവദിക്കാൻ അബൂദബി സാമ്പത്തിക വികസന വകുപ്പ് തീരുമാനിച്ചത്. അക്കൗണ്ടിങ്, പരിശീലനം, കൺസൽട്ടൻസി, സൗന്ദര്യ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ, ഇൻറർനെറ്റ്, നെറ്റ്വർക് കമ്പനികൾ തുടങ്ങിയവയാണ് അനുവദിക്കുക.
അടുത്ത 50 വർഷത്തെ സാമ്പത്തികവളർച്ചക്ക് തയാറെടുക്കുന്നതിെൻറ ഭാഗമായി ബിസിനസ് ഇടപാടുകൾ എളുപ്പമാക്കാനും ആഗോള മത്സരശേഷി മെച്ചപ്പെടുത്താനും നിരവധി പുതിയ പരിഷ്കാരങ്ങൾ സാമ്പത്തിക വികസന വകുപ്പ് നിക്ഷേപകർക്കായി അവതരിപ്പിക്കുന്നുണ്ട്. ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിെൻറ മൂന്നുപാധികൾ 71 ശതമാനമായി കുറക്കുകയും സ്വകാര്യ മേഖലയെ കൂടുതൽ പിന്തുണക്കുന്നതിന് ബിസിനസ് സെറ്റപ് ഫീസ് 90 ശതമാനത്തിലധികം വെട്ടിക്കുറക്കുകയും ചെയ്തത് ഇതിെൻറ ഭാഗമാണ്. പുതിയ ഉത്തരവിലൂടെ പ്രഫഷനൽ ലൈസൻസിന് അപേക്ഷിക്കുന്ന നിക്ഷേപകന് കടമ്പയില്ലാതെ വാണിജ്യസ്ഥാപനം തുറക്കാം.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ അബൂദബി സമ്പദ്വ്യവസ്ഥ ആറു മുതൽ എട്ടു ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സർക്കാറിെൻറ സാമ്പത്തിക ഇടപെടലുകൾ, സാമ്പത്തിക സേവനങ്ങൾ, വിദേശികളുടെ നേരിട്ടുള്ള നിക്ഷേപം എന്നിവ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി, വ്യവസായം, സേവനങ്ങൾ എന്നിവയുൾപ്പെടെ 122 സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വിദേശികൾക്ക് നേരിട്ട് ലൈസൻസ് നൽകും.
എന്നാൽ, പെട്രോളിയം, പര്യവേക്ഷണം, ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങൾ, കര, വ്യോമ ഗതാഗത സേവനങ്ങൾ, ഇൻവെസ്റ്റിഗേഷൻ, സുരക്ഷ, സൈനിക മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആയുധനിർമാണം, ബാങ്കിങ്, സാമ്പത്തിക പ്രവർത്തനങ്ങൾ, സ്വകാര്യ ഫാർമസികൾ പോലുള്ള മെഡിക്കൽ റീട്ടെയിലിങ് എന്നീ മേഖലയിൽ വിദേശികൾക്ക് നേരിട്ട് നിക്ഷേപത്തിന് ലൈസൻസ് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.