അബൂദബി: അബൂദബി നഗരത്തെ വെളിച്ചങ്ങള്‍ കൊണ്ടലങ്കരിക്കാന്‍ മനാര്‍ അബൂദബി എക്സിബിഷന്. നവംബര്‍ 15 മുതല്‍ 2024 ജനുവരി 30വരെയാണ് യു.എ.ഇയുടെ തലസ്ഥാന നഗരത്തില്‍ മനാര്‍ അബൂദബി വെളിച്ച കലാ പ്രദര്‍ശനം നടത്തുന്നത്. അബൂദബിയുടെ ദ്വീപസമൂഹങ്ങളും കണ്ടല്‍ക്കാടുകളുമെല്ലാം പ്രകാശങ്ങളാല്‍ അലങ്കരിക്കപ്പെടും. പ്രകാശങ്ങള്‍ കൊണ്ട് വിവിധ രൂപങ്ങളും മറ്റും പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാര് ഒരുക്കും. മനാര്‍ എന്നാല്‍ അറബിയില്‍ വിളക്കുമാടം എന്നാണര്‍ഥം.
അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ഇത്തരമൊരു പ്രദര്‍ശനം ഈ വര്‍ഷമാദ്യം അവതരിപ്പിച്ചത്. ഉദ്ഘാടന പതിപ്പിന്റെ ക്യുറേറ്റര്‍ അബൂദബി കള്‍ച്ചര്‍ പ്രോഗ്രാമിങ് ഡയറക്ടറും കള്‍ച്ചറല്‍ ഫൗണ്ടേഷന് ഡയറക്ടറും അബൂദബി പബ്ലിക് ആര്‍ട്ട് ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ റീം ഫദ്ദയാണ്. ആലിയ സല് ലൂതയാണ് സഹ ക്യുറേറ്റര്‍. അബൂദബിയുടെ പ്രകൃതി സൗന്ദര്യത്തെ പ്രകാശങ്ങള്‍ കൊണ്ട് കൂടുതല്‍ മനോഹരമാക്കി കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകരുകയാവും മനാര്‍ അബൂദബി ചെയ്യുക.
ലുലു, സഅദിയാത്ത്, യാസ്, ജുബൈല്‍, അല്‍ സമാലിയ, റായിദ് ഐലന്‍ഡ്സ്, കോര്‍ണിഷ് റോഡ്, മിനാ സായിദ്, ഈസ്റ്റേണ്‍ മാന്‍ഗ്രോവ്സ് തുടങ്ങിയ ഇടങ്ങളെല്ലാം പ്രകാശരൂപങ്ങളാല് സമ്പന്നമാവും. അല്സമാലിയായില് 2.3 കിലോമീറ്റര്‍ ദൂരമാണ് സന്ദര്‍ശകര്‍ക്കായി അണിയിച്ചൊരുക്കുന്നത്. സഅദിയാത്ത് ഐലന്‍ഡില്‍ ഡ്രോണ്‍ ലൈറ്റ് ഷോ ഉണ്ടാവും. അര്‍ജീന്റീന, ബെല്‍ജിയം, ഫ്രാന്‍സ്, ജപാന്, ഇന്ത്യ, മെക്സിക്കോ, പലസ്തീന്, സൗദി അറേബ്യ, തായ് വാന്‍, തുണീഷ്യ, യു.എ.ഇ, യു.കെ, യു.എസ് തുടങ്ങി ലോകത്തുടനീളമുള്ള കലാകാരന്മാര് അണിയിച്ചൊരുക്കുന്ന 35 പ്രത്യേക കലാസൃഷ്ടികള്‍ പ്രദര്ശനത്തിനുണ്ടാവുമെന്നാണ് സംഘാടകരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.