ഫുജൈറ: ആധുനിക ലോകത്തിന് അനുയോജ്യമായ സിലബസുകളും കോഴ്സുകളും കോംബിനേഷനുകളും ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും എം.എൽ.എയുമായ ടി. സിദ്ദീഖ് പറഞ്ഞു. കേരളത്തിൽനിന്നുള്ള വിദ്യാഭ്യാസ പലായനം സൂചിപ്പിക്കുന്നത് അതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ സർവകലാശാലകളെ കേരളത്തിൽ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം നീക്കങ്ങളെ എതിർത്തവരിലും വളരെ വൈകിയാണെങ്കിലും മാറ്റങ്ങൾ ഉണ്ടാവുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി പി.എം. ജാബിർ സംസാരിച്ചു. നസീർ മുറ്റിച്ചൂർ, നാസർ അൽദാന, കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്റോ നൽകി. മികച്ച സേവനത്തിന് അധ്യാപകരായ മുഹമ്മദ് നൗഷാദ്, ഡഗ്ലസ് ജോസഫ്, ജോൺ മാത്യു, ആൻസി സാമുവൽ തുടങ്ങിയവരെ ആദരിച്ചു. ഓണററി ഡോക്ടറേറ്റ് നേടിയ ഡോ. ഷാജി പി. കാസ്മിയെ അനുമോദിച്ചു. മെഡിക്കൽ പി.ജി പരീക്ഷയിൽ റാങ്ക് നേടിയ ഡോ. ഷൈമ ടി. സീനിക്ക് മെമന്റോ നൽകി. ബിസിനസ് പ്രമുഖരായ മൊയ്തുണ്ണിക്കുട്ടി ആലത്തയിൽ, സുബൈർ മുഹമ്മദലി, സിദ്ദീഖ് കെ. നാട്ടിക എന്നിവർക്ക് അവാർഡുകൾ നൽകി ആദരിച്ചു. കോവിഡ് മഹാമാരിയിലും ഫുജൈറ വെള്ളപ്പൊക്ക ദുരിതത്തിലും സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് പ്രവർത്തകരെ ആദരിച്ചു.
അനന്തൻപിള്ള, മുരളീധരൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. ട്രഷറർ നാസർ പാണ്ടിക്കാട്, കൺവീനർമാരായ ബിജോയ് ഇഞ്ചിപ്പറമ്പിൽ, നാസർ പറമ്പൻ, ജി. പ്രകാശ്, പ്രേമിസ് പോൾ, സീനി ജമാൽ, ഉസ്മാൻ ചൂരക്കോട്, ലെസ്റ്റിൻ ഉണ്ണി, യൂസുഫലി, മനാഫ്, അയൂബ്, സത്താർ, ഫിറോസ്, അനീഷ് തുടങ്ങിവർ നേതൃത്വം നൽകി. സരിക ആർട്സ് ആൻഡ് മ്യൂസിക്കിന്റെ നൃത്തങ്ങളും വോയ്സ് ഓഫ് ഫുജൈറയുടെ ഗാനമേളയും അരങ്ങേറി. സെക്രട്ടറി ജിതേഷ് നബ്രോൺ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.