പള്ളികൾക്ക് മുന്നിലെ പാർക്കിങ്
അജ്മാന്: റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ തറാവീഹ്, ഖിയാമുല്ലൈൽ പ്രാർഥനകളുടെ സമയങ്ങളിൽ പള്ളികൾക്ക് മുന്നിൽ ക്രമരഹിതമായ പാർക്കിങ് തടയുക എന്ന ലക്ഷ്യത്തോടെ അജ്മാൻ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. പൊതു ക്രമസമാധാനം നിലനിർത്തുന്നതിനും വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും യാത്ര സുഗമമാക്കുന്നതിനുമുള്ള അജ്മാൻ പൊലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിനെന്ന് അജ്മാൻ പൊലീസ് ട്രാഫിക് അവയർനെസ് ആൻഡ് മീഡിയ ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ ഹംദാൻ അഹ്മദ് അൽ റൈസി പറഞ്ഞു.
പ്രാർഥനകളുടെ സമയങ്ങളില്‍ പള്ളികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർ ഈ സ്ഥലങ്ങളിൽ പരിശോധന വർധിപ്പിക്കും. പള്ളികൾക്ക് മുന്നിൽ ക്രമരഹിതമായ പാർക്കിങ് ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ക്യാപ്റ്റൻ ഹംദാൻ ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവൃത്തികൾ അടിയന്തര ഘട്ടങ്ങളില്‍ വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുകയും പള്ളികളിലേക്കുള്ള സുഗമമായ പ്രവേശനം തടയുകയും റെസിഡൻഷ്യൽ പരിസരങ്ങളിലെ ഗതാഗതത്തെ ബാധിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.