ദുബൈയിൽ എ.ഐ അക്കാ​ദമി വരുന്നു

ദുബൈയിൽ എ.ഐ അക്കാദമി പ്രഖ്യാപന ചടങ്ങിൽ ശൈഖ്​ ഹംദാൻ

ദുബൈയിൽ എ.ഐ അക്കാ​ദമി വരുന്നു

ദുബൈ: ദുബൈയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ (എ.ഐ) അക്കാദമി പ്രഖ്യാപിച്ച്​ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. നിർമിത ബുദ്ധി വിദ്യാഭ്യാസത്തെ മുഖ്യധാരയിലേക്ക്​ കൊണ്ടുവരുന്നതിനും സുപ്രധാന മേഖലകളിൽ അതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ്​ എ​.ഐ അകാദമി സ്ഥാപിക്കുന്നത്​.

ദുബൈയിൽ നടക്കുന്ന ദുബൈ എ.ഐ വീക്ക്​ 2025ന്‍റെ ഉദ്​ഘാടന വേളയിലാണ്​ ശൈഖ്​ ഹംദാന്‍റെ ഇതു സംബന്ധിച്ച പ്രഖ്യാപനം. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ ബോർഡ്​ ഓഫ്​ ട്രസ്റ്റ്​ ചെയർമാൻ കൂടിയായ ശൈഖ്​ ഹംദാന്‍റെ രക്ഷാകർതൃത്വത്തിന്​ കീഴിൽ ദുബൈ സെന്‍റർ ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ (ഡി.സി.എ.ഐ) ആണ്​ ദുബൈ എ.ഐ വീക്ക്​ സംഘടിപ്പിക്കുന്നത്​.

ഏപ്രിൽ 21 മുതൽ 25 വരെ മ്യൂസിയം ഓഫ്​ ഫ്യൂച്ചറിലും ദുബൈയിലെ മറ്റ്​ നിരവധി സ്ഥലങ്ങളിലുമായാണ്​ സമ്മേളനം അരങ്ങേറിയത്​​. ദുബൈ എ.ഐ അകാദമി ദുബൈ എ.ഐ ക്യാമ്പസിന്‍റെ ഭാഗമായാണ്​ പ്രവർത്തിക്കുക. ഡി.ഐ.എഫ്​.സി ഇന്നോവേഷൻ ക്ലബിലായിരിക്കും ഇത്​ സ്ഥാപിക്കുക. ഈ മേഖലയിൽ വളർന്ന്​ വരുന്ന 10,000ത്തോളം പേർക്ക്​ അവബോധം നൽകുക, എ.ഐ അധിഷ്​ഠിത പരിശീലന, സർട്ടി​ഫിക്കേഷൻ പ്രോഗ്രാമുകളുടെ മുൻനിര ദാതാവയി സ്വയം മാറുക എന്നീ ലക്ഷ്യത്തോടെ രൂപകൽപന ചെയ്തതാണ്​ ഡി.ഐ.എഫ്​.സി അകാദമി. നിർമിത ബുദ്ധിയുടെ ഭാവിയെ നയിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ദുബൈ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായിരിക്കുമെന്ന്​​ ശൈഖ്​ ഹംദാൻ പറഞ്ഞു. വിത്യസ്തവും പ്രതീക്ഷയേകുന്നതുമായി എ.ഐ ആപ്ലിക്കേഷനുകളെ അക്കാദമി പിന്തുണക്കും. രാജ്യത്തെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും സർക്കാർ, വിദ്യാഭ്യാസം, സമൂഹം എന്നിവയിലുടനീളം പുരോഗതി കൈവരിക്കുന്നതിനും മികച്ച അവസരങ്ങൾ നൽകുന്ന ഫലപ്രദമായ സംരംഭങ്ങളെ പിന്തുണക്കുന്നത്​ തുടരുമെന്നും ഹംദാൻ കൂട്ടിച്ചേർത്തു. ദുബൈ യൂനിവേഴ്​സൽ ബ്ലുപ്രിന്‍റ്​ ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ (ഡി.യു.ബി. എ.ഐ) ലക്ഷ്യത്തോട്​ ചേർന്നു നിൽക്കുന്നതാണ്​ പുതിയ സംരംഭം.

എ.ഐ വിദ്യാഭ്യാസം വ്യാപിക്കുന്നതിലൂടെ രാജ്യത്തെ മൊത്തെ ആഭ്യന്തര വരുമാനത്തിൽ (ജി.ഡി.പി) എ.ഐയുടെ സ്വാധീനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തെ അക്കാദമി പിന്തുണക്കും. എ.ഐ ഉപയോഗിക്കേണ്ട കേസുകൾ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക, ബിസിനസ് തന്ത്രങ്ങളിൽ എ.ഐ സംയോജിപ്പിക്കുക, നിയമപരമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ അകാദമി ഇടപെടും.

Tags:    
News Summary - AI Academy coming to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.