ദുബൈ: എല്ലായ്പോഴും ഉയരങ്ങളിലേക്ക് നോക്കുന്ന യു.എ.ഇയുടെ ഏറ്റവും പുതിയ നേട്ടങ്ങളിലൊന്നാണ് ഇന്നലെ തുറന്ന ഐൻ ദുബൈ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിെൻറ നാട്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ ഫെറി വീൽ എന്ന് ഇനി ലോകത്തോട് പറയാം.
2014ൽ യു.എസിലെ ലാസ് വെഗാസിൽ സ്ഥാപിച്ച 167.6 മീറ്ററുള്ള ഫെറി വീലിെൻറ റെക്കോഡാണ് 250 മീറ്റർ ഉയരമുള്ള ഐൻ ദുബൈ തകർത്തത്. 2008ൽ സിംഗപ്പൂരിൽ നിർമിച്ച 165 മീറ്റർ തകർത്തായിരുന്നു യു.എസിലെ ഫെറീവിലിെൻറ വരവ്. ഇവയെയെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ഐൻ ദുബൈ. ഒരു തവണ കറങ്ങിത്തീരാൻ 38 മിനിറ്റെടുക്കും. ഇൗ സമയത്തിനിടെ ദുബൈ നഗരം പൂർണമായും കാണാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണ് ഐൻ ദുബൈയിലെ പ്രധാന ഘടകങ്ങൾ കൂട്ടിച്ചേർത്തത്. ഈ നിർമാണത്തിൽ 11,200 ടൺ സ്റ്റീൽ ഉപയോഗിച്ചു. ഈഫൽ ടവർ നിർമിക്കുന്നതിനേക്കാൾ 33 ശതമാനം കൂടുതൽ. പത്തോളം രാജ്യങ്ങളിലെ എൻജിനീയർമാരുടെ കരവിരുതിലാണ് ഐൻ ദുബൈ വിരിഞ്ഞത്.
ആദ്യ ദിനം മുതൽ പ്രവാസികൾ അടക്കമുള്ളവർ ഐൻ ദുബൈ കാണാൻ എത്തിയിരുന്നു. ദുബൈ ജുമൈറ ബീച്ചിലെത്തുന്നവർക്ക് മറ്റൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഐൻ ദുബൈ ലോകത്തിന് മുന്നിൽ സമർപ്പിച്ചത്.
ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനിയും പങ്കെടുത്തു. ഉച്ചക്ക് രണ്ടിനാണ് ആദ്യമായി കറങ്ങി തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ആറ് പേരെയും ആദ്യ യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഐൻ ദുബൈയുടെ കാബിെൻറ മുകളിലിരിക്കുന്ന ശൈഖ് ഹംദാെൻറ വിഡിയോ വൈറലായിരുന്നു.
രാത്രി 8.30ഓടെ ലൈറ്റുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.