ദുബൈ: നഗരത്തിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഐൻ ദുബൈ വേനൽക്കാലം കഴിയുന്നതുവരെ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 14നാണ് ചില നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി ഐൻ ദുബൈ അടച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സന്ദർശകർക്കായി ഇത് തുറന്നത്.
വേനൽകാലത്തിനുശേഷം എപ്പോൾ തുറക്കുമെന്ന കാര്യം പിന്നീട് അറിയിക്കാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. സന്ദർശകരെ ആകർഷിക്കുന്ന പുതിയ ഓഫറുകളോടെ ഐൻദുബൈ സന്ദർശകർക്കുവേണ്ടി തുറക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫെറി വീലാണ് ഐൻദുബൈ. യു.എസിലെ ലാസ് വെഗാസിലെ 167.6 മീറ്ററുള്ള ഫെറി വീലിന്റെ റെക്കോഡാണ് 250 മീറ്റർ ഉയരമുള്ള ഐൻ ദുബൈ തകർത്തത്. ബ്ലൂവാട്ടർ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന വീൽ ഒരു തവണ കറങ്ങിത്തീരാൻ 38 മിനിറ്റെടുക്കും. ഈ സമയത്തിനിടെ ദുബൈ നഗരത്തിന്റെ ആകാശദൃശ്യം കാണാൻ കഴിയും. പത്തോളം രാജ്യങ്ങളിലെ എൻജിനീയർമാരുടെ കരവിരുതിലാണ് ഐൻ ദുബൈ പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.