ദുബൈ: ഗൾഫ് പ്രവാസികളെ കൊള്ളയടിച്ച് കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചതോടെ ഇരുട്ടടിയേറ്റ് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. കഴിഞ്ഞ ദിവസം, ലോക്സഭയിൽ എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി ജനറൽ ഡോ. വി.കെ. സിങ്ങാണ് കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
ഗൾഫ് മേഖലയിൽനിന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലേക്കും തിരികെയും അനിയന്ത്രിതമായ വിമാനയാത്ര നിരക്കുവർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും എം.പിമാരുടെയും നിവേദനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ എയർലൈനുകൾക്ക് അവരുടെ ഇഷ്ടപ്രകാരം യാത്രാനിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി ലോക്സഭയിൽ നൽകിയ മറുപടി.
സീസൺ, ഓഫ് സീസൺ വ്യത്യാസമില്ലാതെ വിമാനക്കമ്പനികൾ തുടരുന്ന എയർലൈൻ കൊള്ളക്കെതിരെ പ്രവാസി സംഘടനകളും വ്യക്തികളും പ്രതിഷേധം ഉയർത്തുന്നതിനിടെയായിരുന്നു ഈ വിഷയം എം.പിമാർ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാന സർക്കാറും വിഷയത്തിൽ ഇടപെട്ടുവെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള തടയാൻ കഴിയില്ലെന്ന് കേന്ദ്രം വീണ്ടും നിലപാടെടുക്കുകയാണ്. നിലവിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും ദുബൈ, അബൂദബി ഉൾപ്പെടെ ഗൾഫ് സെക്ടറുകളിലേക്ക് തീവെട്ടിക്കൊള്ളയാണ് കമ്പനികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.