ഷാർജ: ബലിപെരുന്നാൾ അവധിയും വിദ്യാലയങ്ങളിലെ വേനലവധിയും അടുക്കുന്നതോടെ യു.എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. ജൂൺ അവസാനം ബലിപെരുന്നാൾ അവധിയും ജൂലൈ ആദ്യത്തിൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂൺ 28ന് ബലിപെരുന്നാൾ ആകാൻ സാധ്യതയുള്ളതിനാൽ യു.എ.യിൽ ഒരാഴ്ച മുഴുവനും അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ജൂൺ 26ന് പ്രവൃത്തിദിനമാണെങ്കിൽ ആ ദിവസം അവധിയെടുത്ത് ജൂൺ 23നോ 24നോ നാട്ടിലേക്ക് തിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്.
ജൂൺ 24ന് ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 1750 ദിർഹമും ദുബൈയിൽനിന്ന് 1850 ദിർഹമും അബൂദബിയിൽനിന്ന് 1950 ദിർഹമുമാണ് നിരക്ക്. കൊച്ചിയിലേക്ക് 1800 മുതൽ 3100 ദിർഹം വരെയും തിരുവനന്തപുരത്തേക്ക് 1700 മുതൽ 2700 ദിർഹം വരെയുമാണ് വിവിധ വിമാന കമ്പനികൾ ഈടാക്കുന്നത്. ഇൻഡിഗോയും സ്പൈസ് ജെറ്റുമടക്കം മറ്റു വിദേശ വിമാന കമ്പനികളും 2000 ദിർഹം മുതൽ 3200 ദിർഹംവരെ ഈടാക്കുന്നുണ്ട്.
ഷാർജയിൽനിന്നും ദുബൈയിൽനിന്നും കണ്ണൂരിലേക്ക് 2100 ദിർഹമും അബൂദബിയിൽനിന്ന് 2150 ദിർഹവുമാണ് ടിക്കറ്റിന്. കണ്ണൂരിൽനിന്ന് ദുബൈയിലേക്കും ഷാർജയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ജൂൺ അവസാനവാരം മിക്ക ദിവസങ്ങളിലും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
ഗോ ഫസ്റ്റ് സർവിസുകൾ താൽക്കാലികമായി നിർത്തിയതിനാൽ ആ വിമാനത്തിൽ ടിക്കറ്റ് എടുത്ത പലരും കടുത്ത ആശങ്കയിലാണ്. ജൂൺ അവസാന വാരം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യാൻ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് എടുത്തവർക്ക് ഔദ്യോഗിക അറിയിപ്പുകളൊന്നും ഗോ ഫസ്റ്റ് അധികൃതർ നൽകിയിട്ടില്ല. ആ സമയത്ത് സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ വലിയ വിഭാഗം ആളുകൾക്ക് പുതിയ ടിക്കറ്റുകൾ എടുക്കേണ്ടിവരും. ജൂൺ അവസാനം നാട്ടിൽ പോകണമെങ്കിൽ ഈ ഉയർന്ന നിരക്കിന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവരും.
എയർ ഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവിസുകൾ മാർച്ച് അവസാനം മുതൽ പൂർണമായും നിർത്തിയതും വിമാന നിരക്ക് കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ വിമാന നിരക്കിൽ കുറവ് വരണമെങ്കിൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കണം. ഫ്ലൈ ദുബൈയും വിസ് എയറുമടക്കം അടക്കം യു.എ.ഇയിലെ വിവിധ വിമാന കമ്പനികൾ അധിക സർവിസുകൾ നടത്താനും പുതിയ സർവിസുകൾ തുടങ്ങാനും സന്നദ്ധമായിരിക്കെ ഇത്തരം കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകാത്തതും എയർഇന്ത്യ കോഴിക്കോട് റൂട്ടിൽ നിർത്തിയ സർവിസുകൾ പുനരാരംഭിക്കണമെന്ന ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ആവശ്യം ഇതുവരെ പരിഗണിക്കപ്പെടാത്തതും പ്രവാസികൾക്ക് തിരിച്ചടിയായി മാറുകയാണ്.
സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റിന് പിന്നാലെ മറ്റൊരു സ്വകാര്യ കമ്പനിയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന വാർത്തയും ആശങ്കയോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്. യു.എ.ഇ സെക്ടറിൽ അധിക സീറ്റുകൾക്ക് വേണ്ടിയുള്ള യു.എ.ഇയുടെ ആവശ്യം, ഇന്ത്യൻ വിമാന കമ്പനികളുടെ എതിർപ്പ് കാരണം ഇന്ത്യൻ വ്യോമയാന മന്ത്രാലയം മാർച്ച് അവസാനം നിരസിക്കുകയായിരുന്നു. അടുത്തകാലത്തൊന്നും അവധിക്കാലത്ത് ഇത്ര ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവന്നിട്ടില്ലെന്നും ഉയർന്ന നിരക്ക് കാരണം ബലിപെരുന്നാളിന് നാട്ടിലെത്താൻ കഴിയാത്തവർ നിരവധിയാണെന്നും 16 വർഷമായി യു.എ.ഇയിൽ അധ്യാപകനായി ജോലി ചെയ്തുവരുന്ന, ദുബൈ സെൻട്രൽ സ്കൂൾ അധ്യാപകൻ നസീർ ചെറുവാടി പറഞ്ഞു.
നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് ജൂൺ അവസാനം നാട്ടിൽ പോകണമെങ്കിൽ 10,000 ദിർഹമിന് മുകളിൽ മാറ്റി വെക്കേണ്ടി വരും. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഇത് വരുത്തിവെക്കുന്നത്. അടിയന്തരഘട്ടങ്ങളിൽ ഈ സമയത്ത് നാട്ടിൽ പോകേണ്ടി വരുന്ന ചെറിയ വരുമാനക്കാരായ പ്രവാസികൾക്കുമുന്നിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ചെറിയ വരുമാനക്കാർക്ക് രണ്ടും മൂന്നും മാസത്തെ ശമ്പളം ടിക്കറ്റിനായി മാറ്റിവെക്കേണ്ടി വരും. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റ് അവസാന വാരവും കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഇപ്പോൾതന്നെ ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
1200 ദിർഹമിൽ താഴെ ടിക്കറ്റ് കിട്ടാനേയില്ല. അതേസമയം കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് താരതമ്യേന വിമാന ടിക്കറ്റ് തിരക്ക് കുറവാണ്. അതിനാൽ തന്നെ പലരും മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ കണക്ഷൻ ഫ്ലൈറ്റുകളെയാണ് ആശ്രയിക്കുന്നത്. 10 മുതൽ 20 മണിക്കൂർ വരെ എടുത്താണ് പലരും നാട്ടിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.