ഷാർജ: വിദ്യാലയങ്ങൾ വേനലവധിക്കുശേഷം ആഗസ്റ്റ് അവസാനം തുറക്കാനിരിക്കെ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്ന് ഇരട്ടിയിലേറെ വർധിപ്പിച്ചത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. ആഗസ്റ്റ് അവസാന ആഴ്ചകളിൽ 30,000 രൂപയിലധികമാണ് ടിക്കറ്റ് നിരക്ക്.
രണ്ടു മാസത്തെ വേനലവധിക്കുശേഷം ആഗസ്റ്റ് 26 നാണ് യു.എ.ഇയിലെ വിദ്യാലയങ്ങൾ തുറക്കുന്നത്. വിദ്യാലയങ്ങൾ തുറക്കുന്നതിനോട് അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് 37,000 രൂപ മുതൽ 60,000 രൂപ വരെയും കൊച്ചിയിൽനിന്ന് 31,000 മുതൽ 87,000 രൂപ വരെയും കോഴിക്കോട്ടുനിന്ന് 30,500 രൂപ മുതൽ 54,000 രൂപ വരെയും കണ്ണൂരിൽനിന്ന് 30,500 രൂപ മുതൽ 35,000 രൂപ വരെയുമാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഇത് തിരക്ക് കുറഞ്ഞ സമയത്തേക്കാൾ മൂന്നു മുതൽ ഏഴിരട്ടിവരെയാണ് വർധിക്കുന്നത്. കണക്ഷൻ ൈഫ്ലറ്റുകൾക്കും ഇത്തവണ ഉയർന്ന നിരക്കാണ്. 24,000 രൂപയാണ് കണക്ഷൻ ൈഫ്ലറ്റുകൾക്കുള്ള കുറഞ്ഞ നിരക്ക്. എന്നാൽ, ഈ സമയങ്ങളിൽ ഒമാനിലെ മസ്കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഈ ടിക്കറ്റ് എടുത്ത് മസ്കത്ത് വഴി റോഡ് മാർഗം യു.എ.ഇ യിലേക്ക് പോകുന്നവരും നിരവധിയാണ്.
എയർ ഇന്ത്യ എക്സ്പ്രസാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഈടാക്കുന്നത്. എന്നാൽ, ജീവനക്കാരുടെ സമരത്തെത്തുടന്ന് ചില സർവിസുകൾ റദ്ദാക്കുന്നതും വൈകുന്നതും മൂലം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് എടുക്കാൻ പലരും വിമുഖത കാണിക്കുന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു. കൃത്യ സമയത്ത് ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ തിരികെ യാത്ര കൃത്യസമയത്തായിരിക്കണമെന്ന നിർബന്ധം പലർക്കുമുണ്ട്.
കേരളത്തിൽനിന്നും ആഗസ്റ്റ് ആദ്യം മുതൽ തന്നെ ഉയർന്ന നിരക്കാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 29,000 രൂപയാണ്. ചില കമ്പനികൾ അത് 50,000 രൂപവരെ ഈടാക്കുന്നുണ്ട്. അതേസമയം, മുൻ വർഷങ്ങളിൽ സെപ്റ്റംബർ പകുതിയോടടുക്കുമ്പോൾ മാത്രമാണ് ടിക്കറ്റ് നിരക്കിൽ കുറവ് വരാറുള്ളതെങ്കിൽ ഇത്തവണ സെപ്റ്റംബർ ആദ്യ വാരം മുതൽ ടിക്കറ്റ് നിരക്കിൽ കുറവുണ്ട്. 18,500 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്.
മാസങ്ങൾക്ക് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായതൊഴിച്ചാൽ വലിയ ശതമാനം ആളുകളും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാണ് യാത്ര ചെയ്യുന്നത്. നാലും അഞ്ചും അംഗങ്ങളുള്ള ഒരു കുടുംബത്തിന് ലക്ഷങ്ങൾ വിമാന ടിക്കറ്റിന് മാത്രമായി ചെലവാക്കണം.
ആഗസ്റ്റ് അവസാനം വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വർധിക്കുന്നതിന്നാൽ, വിദ്യാലയങ്ങൾക്ക് രണ്ടു മാസത്തെ അവധിയുണ്ടെങ്കിലും പല കുടുംബങ്ങളും നേരത്തേതന്നെ തിരിച്ചു പോയിട്ടുണ്ട്. ജൂലൈ അവസാനം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.