അജ്മാൻ: എമിറേറ്റിലെ ശ്രദ്ധേയമായ വികസന പദ്ധതികളിലൊന്നായ അജ്മാൻ കോർണിഷ് വികസനം അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി വിലയിരുത്തി. നിലവിലുള്ള ബീച്ച് ഫ്രണ്ടിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുക, ഫലപ്രദമായ തീരസംരക്ഷണ നടപടികൾ നടപ്പിലാക്കുക, പ്രകൃതിദത്ത വിനോദ സ്ഥലങ്ങളിൽ പച്ചപ്പ് വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത്.
സന്ദർശകർക്ക് ആഡംബരവും ആഹ്ലാദകരവുമായ അനുഭവങ്ങളും വൈവിധ്യമാർന്ന സൗകര്യങ്ങളും നൽകി വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനുമുള്ള ആകർഷണം വർധിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യം. ഇത് കൈവരിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് ടീമിന്റെ ശ്രമങ്ങളെ ശൈഖ് റാശിദ് അഭിനന്ദിച്ചു. 12 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ ഏകദേശം 3ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ ഹരിതയിടം സൃഷ്ടിക്കും. ബീച്ച് ഫ്രണ്ട് കടലിലേക്ക് 150 മീറ്ററോളം നീട്ടുകയും ചെയ്യും.
കോർണിഷ് ഡെവലപ്മെൻറ് പ്രോജക്ട് ടീം മേധാവി എൻജിനീയർ ഡോ. ആലിയ മജ്ലദ് അൽ ശംസി പദ്ധതിയുടെ ഘട്ടങ്ങളും ലക്ഷ്യങ്ങളും ശെശഖ് റാശിദിനോട് വിശദീകരിച്ചു. സമഗ്രമായ വികസന പദ്ധതിക്ക് അനുസൃതമായാണ് ഈ പ്രവർത്തനം നടക്കുന്നതെന്നും സമ്പദ്വ്യവസ്ഥ, നിക്ഷേപം, വിനോദസഞ്ചാരം, തുടങ്ങിയവക്ക് യോജിച്ച ഒരു കേന്ദ്രമാക്കി മാറ്റുകയാണ് ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.