ഷാർജ: കേരളത്തിലെ കോളജ് അലുംനികളുടെ യു.എ.ഇയിലെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന ‘ആവണി പൊന്നോണം’ ഓണാഘോഷം ഈ മാസം എട്ടിന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പുതുമയാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെയും ഭരണാധികാരികളുടെ മുഖം പൂക്കളാൽ ആലേഖനം ചെയ്യുമെന്നതാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. ബിസിനസ് രംഗത്തും സാമൂഹിക പരിഷ്കരണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത രത്നങ്ങളെ ആദരിക്കും. കോളജ് അലുംനികൾ അവതരിപ്പിക്കുന്ന ഘോഷയാത്രയും 6000 പേർ പങ്കെടുക്കുന്ന ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ തൃക്കായ ബാൻഡിന്റെ അവതരണം, അനൂപ് ശങ്കറും മൃദുല വാരിയരും ചേർന്നവതരിപ്പിക്കുന്ന ഗാനസന്ധ്യ, കലാമണ്ഡലം മണികണ്ഠന്റെ നടൻപാട്ട് എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. സിനിമാ താരം ഹണി റോസും ആഘോഷങ്ങളിൽ പങ്കെടുക്കും.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.