നിത്യഹരിത വൃക്ഷങ്ങളുടെ വിശാലമായ ശേഖരമുണ്ട് അൽഐൻ മൃഗശാലയിൽ.1968ൽ മൃഗശാല സ്ഥാപിതമായത് മുതൽ അൽഐൻ മൃഗശാലയിൽ പ്രധാന തദ്ദേശീയമായ വൃക്ഷങ്ങളായ സിദ്ർ, സമർ, ഗാഫ് തുടങ്ങിയവയെ സംരക്ഷിച്ചു പോരുന്നു. പുതിയ പദ്ധതികളും വികസന പ്രവർത്തനങ്ങളും നടക്കുമ്പോൾ ഇത്തരം മരങ്ങൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പടർന്നു പന്തലിച്ചുകിടക്കുന്ന വലിയ മരങ്ങൾ കാണാനും ആസ്വദിക്കാനും അവയെകുറിച്ച് പഠിക്കാനും സന്ദർശകർക്ക് അവസരം ലഭിക്കുന്നു. മൃഗശാലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ഇത്തരം മരങ്ങളുണ്ട്.
ഇത്തരം നിത്യഹരിത മരങ്ങളെ സംരക്ഷിക്കുന്നതിന് കൃത്യമായ പരിചരണവും ശുശ്രൂഷയും ആവശ്യമാണ്. അവശ്യഘട്ടങ്ങളിൽ ഇത്തരം മരങ്ങളെ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നു. മാതൃ മരങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം വിത്ത് ബാങ്കുകളിലൂടെ ഇത്തരം മരങ്ങളുടെ വിത്തുകൾ ശേഖരിക്കുകയും തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അഞ്ചു പതിറ്റാണ്ടുകളായി ഇത്തരം മരങ്ങളെ സംരക്ഷിക്കാൻ നേതൃത്വം നൽകുന്ന അൽഐൻ മൃഗശാലയിലെ ലാൻഡ്സ്കേപ്പ് മേധാവി എൻജിനീയർ ആയിഷ സൈഫ് അൽഹാമിദി പറഞ്ഞു. മൃഗശാലയിലെ ഹോർട്ടികൾച്ചർ ടീം മരങ്ങളുടെ വേരുകളും തടികളും സംരക്ഷിക്കുകയും ഉത്തരം മരങ്ങളെക്കൊണ്ട് മൃഗശാലയെ മോടിപിടിപ്പിക്കുകയും ചെയ്യുന്നു.
അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് മരങ്ങളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നത്. ജലസേചന സംവിധാനം ഉപയോഗിച്ച് അവയെ വീണ്ടും നട്ടു വളർത്തുകയും ചെയ്യുന്നു. പ്രത്യേക മേഖലകളെ പച്ച വിരിക്കുന്നതിനും ഇത്തരം മരങ്ങൾ ഉപയോഗിക്കുന്നു. ആവശ്യമുള്ളപ്പോൾ കാലാനുസൃതമായ പരിപാലനത്തിന് വിധേയമാണ് ഈ മരങ്ങൾ. ആവശ്യമുള്ളപ്പോൾ ചിലതിനെ വെട്ടിയൊതുക്കുകയും ചെയ്യുന്നു.
ഈത്തപ്പനകൾ കായ്ക്കുമ്പോൾ അവ മൃഗശാലയിലെ പക്ഷികൾക്ക് ഭക്ഷണമായും ഗാഫ്, സിദ്ർ മരങ്ങളുടെ ചില്ലകൾ മൃഗങ്ങൾക്ക് ഭക്ഷണമായും നൽകുകയും അവയുടെ ആവാസ വ്യവസ്ഥ ഒരുക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു.
ഗാഫ് മരത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകവും, രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനിൽ നിന്ന് ലഭിച്ച പ്രത്യേക ശ്രദ്ധയും, യു.എ.ഇയുടെ ദേശീയ വൃക്ഷം എന്ന് ഗാഫ് മരത്തെ അദ്ദേഹം നാമകരണം ചെയ്തതും കണക്കിലെടുത്ത് മൃഗശാലയിലെ നഴ്സറിക്ക് അൽ ഗാഫ എന്നാണ് പേര് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.