ഒരു കുഞ്ഞ് പിറക്കുന്നത് ഏവർക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. അൽഐൻ മൃഗശാലക്കും ഇത് ആഘോഷമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പരിപാലന- സംരക്ഷണ പദ്ധതികളുടെ ഭാഗമായി 2020 വർഷത്തിൽ 43 ഇനങ്ങളിൽ പെട്ട 645 നവജാത മൃഗങ്ങളാണ് അൽ ഐൻ മൃഗശാലയുടെ ഭാഗമായത്. ആഫ്രിക്കൻ ചാര തത്ത, അറേബ്യൻ ഗസൽ, അറേബ്യൻ ഓറിക്സ്, കാട്ടുമൂങ്ങ, ബ്ലാക്ക്ബക്ക്, മരുഭൂമിലെ കഴുകൻ മൂങ്ങ, എമു, ഇംപാല, റോത്ചൈൽഡ് ജിറാഫ്, യെല്ലോ ബെല്ലിഡ് സ്റ്റോർക്, ആമകൾ തുടങ്ങിയവയെല്ലാം അവയിൽ ഉൾപ്പെടുന്നു.
കോവിഡ് -19 മഹാമാരി മൃഗങ്ങളെ കൈമാറുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലു, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുസ്ഥിരവും സന്തുലിതവുമായ പ്രജനന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചെന്ന് അൽഐൻ മൃഗശാല ജനറൽ ക്യൂറേറ്റർ മായാസ് അഹ്മദ് അൽ-ഖർകാസ് പറഞ്ഞു.
മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് വിദഗ്ധരടങ്ങുന്ന സംഘം സദാ ജാഗരൂകരായുണ്ട്. ശാസ്ത്രീയ മാനദണ്ഡങ്ങൾ നിശ്ചയിച്ച്, ആരോഗ്യം, ജനിതക വൈവിധ്യം, പരിസ്ഥിതിയോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ലക്ഷ്യമാക്കി , ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ, വംശ വർധനവിനോടൊപ്പം ഗുണനിലവാരത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബ്രീഡിംഗ് പദ്ധതി നടപ്പിലാക്കി വരുന്നത്. ജനിതക വൈവിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ ഉയർന്ന ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള മൃഗങ്ങളുടെ സഹവർത്തിത്വം, പൊരുത്തപ്പെടുത്തൽ, പ്രജനനം എന്നിവ ഉറപ്പാക്കുന്നത് പദ്ധതികളുടെ മികവിനെ പ്രതിഫലിപ്പിക്കുന്നു.
കൂടാതെ, വിവിധ രാജ്യങ്ങളിലെ മൃഗശാലകളുമായി മൃഗ കൈമാറ്റ പരിപാടികൾ സുഗമമാക്കുന്നതിനും മറ്റും ഇത് ഏറെ സഹായിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.