ഷാർജ: മരുഭൂമിയെ അരങ്ങാക്കി മാറ്റി അറബ് ജീവിതത്തിന്റെ സപ്തവർണരാജികൾ വിടർത്തുന്ന ഏഴാമത് ഷാർജ മരുഭൂ നാടകോത്സവത്തിന് അൽ കുഹൈഫ് മരുഭൂമിയിൽ തുടക്കമായി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന നാടകോത്സവം ചൊവ്വാഴ്ച വരെ അരങ്ങേറും. സുൽത്താൻ അൽ നിയാദി രചിച്ച് മുഹമ്മദ് അൽ അംറി സംവിധാനം ചെയ്ത ‘അൽ നമൂസ്’ എന്ന നാടകത്തിന്റെ മാസ്മരിക പ്രകടനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. രാജ്യത്തെ പ്രശസ്തരായ നാടക കലാകാരന്മാരുടെ അസാമാന്യമായ കഴിവുകൾ പ്രദർശിപ്പിച്ച് ഷാർജ നാഷനൽ തിയറ്ററാണ് നാടകം അവതരിപ്പിച്ചത്.
പ്രകൃതിയെ കാത്തുസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് നാടകം മുന്നോട്ടുവെച്ചത്. മലിനമായിക്കൊണ്ടിരിക്കുന്നതിനോടൊപ്പംതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പം നഷ്ടപ്പെടുന്നത് മനുഷ്യൻതന്നെയാണെന്ന ഉദ്ബോധനമാണ് നാടകം അരങ്ങിലെഴുതിയത്. അരങ്ങിലേക്ക് മനുഷ്യരോടൊപ്പം കുതിരകളും ഒട്ടകങ്ങളും ആട്ടിൻപറ്റവും മരുഭൂമിതന്നെ നേരിട്ടുവന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകത്തോട് വിളിച്ചുപറയുകയായിരുന്നു നാടകത്തിലൂടെ. കുഹൈഫ് മരുഭൂമിയിൽ നിലാവും മഞ്ഞും വിരിച്ചിട്ട വേദിയിലിരുന്ന് നാടകം ആസ്വദിക്കാൻ പ്രത്യേക അനുഭൂതിയായിരുന്നുവെന്ന് സന്ദർശകർ പറഞ്ഞു. ബദുവിയൻ കാവ്യങ്ങളും സംഗീതവും രംഗങ്ങൾക്ക് കരുത്തേകാൻ കൂടെയുണ്ടായിരുന്നു. നാടകത്തിന്റെ സമാപനത്തിനുശേഷം, ഷാർജ ഭരണാധികാരി നാടകത്തിൽ ജീവിച്ചുതീർത്ത അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. നാടകത്തിന്റെ ആശയം പ്രേക്ഷകരിലേക്ക് ഫലപ്രദമായി എത്തിക്കുന്ന അവരുടെ അസാധാരണമായ പ്രകടനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
യു.എ.ഇ, ഈജിപ്ത്, ജോർഡൻ, സിറിയ, മോറിത്താനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള അഞ്ചു നാടകങ്ങളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. കൂടാതെ, വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള നിരവധി നാടക കലാകാരന്മാരുടെ സംഗമംകൂടിയാണ് ഈ നാടകോത്സവം. അൽ കുഹൈഫ് മേഖലയിലെ വിശാലമായ പ്രദേശം ഉൾക്കൊള്ളുന്ന, ഒരു മരുഭൂമി ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സാംസ്കാരിക പരിപാടിയുടെ വേദി സൃഷ്ടിച്ചത്. മണൽത്തിട്ടകൾ, താഴ്വരകൾ, കൂടാരങ്ങൾ എന്നിവക്കിടയിലുള്ള മനോഹരമായ പശ്ചാത്തലത്തിലാണ് സ്റ്റേജ് ക്രമീകരിച്ചിരിക്കുന്നത്, ആവശ്യമായ എല്ലാ ഓഡിയോ, വിഷ്വൽ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. നാടകോത്സവം ആസ്വദിക്കാനെത്തിയവർക്കെല്ലാം പരമ്പരാഗത ബിരിയാണിയും സുലൈമാനിയും കഹ്വയും നൽകിയാണ് ഷാർജ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.