അൽ മംസാർ ബീച്ച്
ദുബൈ: അൽ മംസാർ ബീച്ചിൽ അടിയന്തര ഘട്ടങ്ങളിൽ നിശ്ചയദാർഢ്യ വിഭാഗക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ പ്രത്യേക സംവിധാനങ്ങളൊരുക്കി ദുബൈ മുനിസിപ്പാലിറ്റി.
കാഴ്ചപരിമിതിയുള്ളവരെ അപകടഘട്ടങ്ങളിൽ ഒഴിപ്പിക്കൽ സ്ഥലങ്ങളിലേക്ക് നയിക്കുന്നതിന് പ്രത്യേക റേഞ്ച് സ്പീക്കർമാരെയും കേൾവി പരിമിതിയുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നതിന് വൈബ്രേഷൻ സംവിധാനവുമാണ് സജ്ജമാക്കിയിട്ടുള്ളത്.
അടിയന്തര ഘട്ടങ്ങളിൽ ബീച്ചിലെ എല്ലാ വിഭാഗം സന്ദർശകർക്കും മുന്നറിയിപ്പ് ലഭിച്ചുവെന്ന് ഉറപ്പുവരുത്താൻ പുതിയ സംവിധാനങ്ങളിലൂടെ കഴിയുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ ബീച്ചുകൾ കൂടുതൽ നിശ്ചയദാർഢ്യ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എല്ലാ ബീച്ച് സന്ദർശകർക്കും അപകടസമയങ്ങളിൽ മുന്നറിയിപ്പ് സിഗ്നലുകളും ഒഴിപ്പിക്കൽ സന്ദേശവും ലഭിക്കാനുള്ള ഉപകരണങ്ങൾ ബീച്ചിലെ ലൈഫ് ഗാർഡുകളുടെ ടവറുകളിലാണ് ഒരുക്കിയിട്ടുള്ളത്.
കേൾവി, കാഴ്ച വൈകല്യമുള്ളവർക്ക് മാർഗനിർദേശങ്ങൾ നൽകാനുള്ള അതിനൂതന ഉപകരണം നിശ്ചയദാർഢ്യമുള്ളവർക്കുള്ള പരിശീലന കേന്ദ്രങ്ങളിൽ മുനിസിപ്പാലിറ്റി വികസിപ്പിച്ചിരുന്നു.
പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ള ഈ ഉപകരണം ഉപയോഗിച്ച് നിശ്ചയദാർഢ്യമുള്ള വ്യക്തികളുടെ ലൊക്കേഷൻ അറിയാനും അടിയന്തര സാഹചര്യങ്ങളിൽ അവർ എവിടെയാണെന്ന് നിരീക്ഷിക്കാനും ലൈഫ് ഗാർഡുകൾക്ക് കഴിയും.
ഇതു വഴി അപകട സമയങ്ങളിൽ ഇത്തരം ജനവിഭാഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനും രക്ഷപ്പെടുത്താനും കഴിയും.
നിശ്ചയദാർഢ്യമുള്ളവർ ഉൾപ്പെടെ എല്ലാവർക്കും ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കി ഉയർന്ന നിലവാരമുള്ള ജീവിതം ആസ്വദിക്കുന്ന ഒരു സംയോജിത സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് ഭരണാധികാരികൾ മുൻഗണന നൽകുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.