അൽഐൻ: അൽഐൻ പുസ്തകോത്സവത്തിന്റെയും വരാനിരിക്കുന്ന അൽ ദഫ്റ പുസ്തകോത്സവത്തിന്റെയും പ്രദർശകർക്ക് വാടകയും പങ്കാളിത്ത ഫീസും ഒഴിവാക്കിയതായി അബൂദബി അറബിക് ഭാഷാകേന്ദ്രം അറിയിച്ചു. ഇമാറാത്തി, അറബ്, അന്തർദേശീയ പ്രസാധകരെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി.
ഗവേഷണശ്രമങ്ങളെയും വിജ്ഞാന വിനിമയത്തെയും പിന്തുണക്കുന്നതിനൊപ്പം, എല്ലാ അക്കാദമിക്, സാംസ്കാരിക മേഖലകളിലും അറബി ഭാഷയുടെ പങ്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഫീസ് ഒഴിവാക്കാനുള്ള തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൽഐൻ പുസ്തകോത്സവത്തിന്റെ 14ാമത് എഡിഷന് ഞായറാഴ്ചയാണ് തുടക്കമായത്. അൽഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് ബിൻ ഖലീഫ ആൽ നഹ്യാന്റെ രക്ഷാധികാരത്തിൽ നടക്കുന്ന മേള, ‘എല്ലാ കണ്ണുകളും അൽഐനിലേക്ക്’ എന്ന തലക്കെട്ടിലാണ് നടക്കുന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ 60,000 പുസ്തകങ്ങളും 150ലേറെ പ്രദർശകരും പങ്കെടുക്കുന്നുണ്ട്.
സംസ്കാരം, കല, സർഗാത്മകത എന്നീ മേഖലകളിൽ 400ലധികം പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽഐൻ സ്ക്വയർ-ഹസ്സ ബിൻ സായിദ് സ്റ്റേഡിയമാണ് ഫെസ്റ്റിവലിന്റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഖാസർ അൽ മുവൈജി, ബൈത്ത് മുഹമ്മദ് ബിൻ ഖലീഫ, സായിദ് സെൻട്രൽ ലൈബ്രറി, യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി, അൽ ഖത്താറ ആർട്സ് സെന്റർ, അൽഐൻ മാൾ, ബറാറി മാൾ, അൽ ഫോഹ് മാൾ എന്നിവിടങ്ങളാണ് മറ്റു വേദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.