അബൂദബി: ആറുലക്ഷം ലഹരി ഗുളികകളുമായി (കാപ്റ്റഗൺ) നാലുപേരെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണ സാമഗ്രികള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് ഗുളികകള്‍ സംഘം രാജ്യത്തെത്തിച്ചത്. പിടിയിലായവരെല്ലാം അറബ് വംശജരാണെന്ന് പൊലീസ് അറിയിച്ചു.
നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചതുരാകൃതിയിലുള്ള കല്ലുകള്ക്കുള്ളിലായിരുന്നു സംഘം മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചിരുന്നത്. ഇത് പൊളിച്ചാണ് ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റ് കാപ്റ്റഗൺ ഗുളികകള്‍ കണ്ടെത്തിയത്. മെഡിക്കല്‍ ആവശ്യത്തിനായി 1961ല്‍ കണ്ടെത്തിയ മരുന്നിന്റെ നിര്‍മാണം രണ്ട് പതിറ്റാണ്ട് മുമ്പ് ഔദ്യോഗികമായി നിര്‍ത്തിയെങ്കിലും അനധികൃത നിര്‍മാണവും ദുരുപയോഗവും വന്‍തോതില്‍ തുടരുകയാണ്. പശ്ചിമേഷ്യയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് കാപ്റ്റഗൺ ആണെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ തടയുന്നതിന്റെ ഭാഗമായി സംശയം തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണമെന്ന് ബ്രിഗേഡിയര്‍ അല്‍ ധാഹരി താമസക്കാരോടും സന്ദര്‍ശകരോടും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ മയക്കുമരുന്ന് വില്പന സന്ദേശങ്ങള്‍ കണ്ടാല്‍ അതിനോടു പ്രതികരിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നര ടണ്‍ ഹെറോയിന്‍ അബൂദബി പൊലീസ് പിടികൂടിയിരുന്നു. അയല്‍രാജ്യങ്ങളില്‍നിന്ന് ഖലീഫ തുറമുഖത്തേക്ക് അയച്ച സംശയകരമായ ലഗേജ് ആന്റി നാര്‍കോട്ടിക്സ് സംഘം പരിശോധിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ 150 ദശലക്ഷം ദിര്‍ഹം വിലമതിക്കും.
2021ല്‍ മാത്രം അബൂദബി പൊലീസ് പിടികൂടിയത് വിപണിയില്‍ 1.2 ശതകോടി ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നാണ്. 2.6 ടണ്ണിലേറെ മയക്കുമരുന്നുകളും 1.4 മില്യന്‍ ഗുളികകളുമാണ് പിടിച്ചെടുത്തത്. 2021 സെപ്റ്റംബറില്‍ അബൂദബി പൊലീസ് 816 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച വിവിധ രാജ്യക്കാരായ 142 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.