കപ്പൽ-ഹോട്ടലിൽ ഉറങ്ങാം, ഉണ്ണാം, ഉല്ലസിക്കാം...

ചില്ലറക്കാരിയല്ല ക്വീൻ എലിസബത്ത്-2 എന്ന ഈ ആഢംബര കപ്പൽ. ആഴക്കടലിലൂടെ കൂറ്റൻ തിരമാലകളോടും കാറ്റിനോടും മഞ്ഞുമലകളോടും മല്ലിട്ട് 40 കൊല്ലത്തോളം ഉലകം ചുറ്റിയ ഈ സുന്ദരി, പൊളിച്ചടുക്കാൻ ആക്രിക്കാർക്ക് പിടികൊടുക്കാതെ പ്രൗഢിയും പൈതൃകവും പങ്കുവെക്കാൻ ദുബൈ റാശിദ് തുറമുഖത്ത് നങ്കൂരമിട്ട് നക്ഷത്ര ഹോട്ടലുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായി ഇപ്പോഴും അതിഥികളെ വരവേൽക്കുകയാണ്. ഒരു അത്താഴവിരുന്നോ, കുടുംബത്തോടൊത്ത് ഒരു രാത്രിയിലെ താമസമോ, കൂട്ടുകാരൊന്നിച്ച്​ ജന്മദിനാഘോഷമോ എന്തുമാവട്ടെ; ഒരു വെറൈറ്റി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ക്യൂ.ഇ-2വിലേക്ക് സ്വാഗതം.

1964ലാണ് ക്യൂനാർഡ് ക്രൂയിസ് കമ്പനി ഈ കപ്പൽ നിർമിക്കാനുള്ള കരാർ ജോൺ ബ്രൗൺ എന്ന സ്ഥാപനത്തിന് നൽകുന്നത്. പണി കഴിഞ്ഞ്​ യാത്രക്കൊരുങ്ങിയ കപ്പലിന് 1967ൽ ബ്രിട്ടീഷ് രാജ്ഞി തന്‍റെ സ്വന്തം പേര് നൽകിയതിന് പിന്നിൽ രസകരമായ ഒരു സംഭവം ഉണ്ട്. നാവികരുടെ നടപ്പനുസരിച്ച് കണ്ടുവെച്ച പേരടങ്ങിയ കവറും ഒരു കുപ്പി ഷാംപൈനും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥി തടിച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷിയാക്കി തുറന്ന് പ്രഖ്യാപിക്കുന്നതോടെയാണ് കപ്പൽ നീറ്റിലിറക്കുന്നത്. ക്വീൻ വിക്ടോറിയ, ക്വീൻ മേരി തുടങ്ങിയ തങ്ങളുടെ മറ്റ് കപ്പലുകളുടെ പേരുകളിൽ നിന്നും വ്യത്യസ്തമായി ഒരു സ്കോട്ടിഷ് പേര് നൽകാനായിരുന്നു ക്യൂനാർഡ് കമ്പനി ഉദ്ദേശിച്ചതും കവറിൽ നിക്ഷേപിച്ചതും.


എന്നാൽ അന്നത്തെ ദിവസം ഷാംപൈൻ കുപ്പിയുടെ അടപ്പ് തുറന്നെങ്കിലും പേരടങ്ങിയ കവർ തുറക്കാതെ തന്നെ രാജ്ഞി ഇങ്ങനെ പ്രഖ്യാപിച്ചു. 'ഈ കപ്പലിനെ ക്വീൻ എലിസബത്ത്​-2 എന്ന് ഇതിനാൽ നാമകരണം ചെയ്യുന്നു, കപ്പലിനും അതിലെ യാത്രക്കാർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ' പേരിടലിൽ ഉണ്ടായ ഈ അങ്കലാപ്പ് കാരണം പിന്നെയും രണ്ടു കൊല്ലത്തോളം കന്നിയാത്രക്ക് കാത്തുകെട്ടികിടന്നതും ഈ കാലയളവിൽ കപ്പലിലെ പരവതാനിയടക്കം പലതും പലവട്ടം മോഷണത്തിനിരയായതും പഴങ്കഥ.

1969ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയ വർഷം തുടങ്ങിയ യാത്രകൾ 2008ൽ അവസാന സഞ്ചാരത്തോടെ ദുബൈ തുറമുഖത്തു നങ്കൂരമിടുമ്പോൾ ക്യൂ.ഇ-2 ഒട്ടേറെ റിക്കോർഡുകൾ എഴുതിച്ചേർത്തിരുന്നു. നാലു പതിറ്റാണ്ട് നീണ്ട യാത്രകളിൽ ഇവൾ താണ്ടിയത് 6 മില്യൺ മൈലുകൾ, 812 തവണ അറ്റ്ലാന്‍റിക് സമുദ്രം മുറിച്ചുകടന്നു, 25 വേൾഡ് ക്രൂസ്, കൂടാതെ ചെറുതും വലുതുമായ 1400 ഓളം ഒറ്റപ്പെട്ട യാത്രകൾ, അതിസമ്പന്നരടക്കം 2.5 മില്യൺ യാത്രക്കാർ, 1986ൽ ഡീസൽ എൻജിനിലേക്ക് മാറുന്നത് വരെ ക്യൂനാർഡ് കമ്പനിയുടെ നീരാവി എൻജിൻ ഉപയോഗിച്ച അവസാന കപ്പലും ഇത് തന്നെ. ചരിത്രത്താളുകളിൽ അനേകം വരികൾ എഴുതിച്ചേർത്ത ഈ കൂറ്റൻ യാനം ഇപ്പോഴും ചരിത്രം സൃഷ്ടിക്കുകയാണ്.


അക്കോർ എന്ന ഹോട്ടൽ ശൃംഖല നക്ഷത്ര നിലവാരത്തോടെ ഒരു ​ഫ്ലോട്ടിങ് ഹോട്ടലായാണ് നടത്തുന്നത്. റോയൽ സ്യൂട്ടും ക്യാപ്റ്റൻ സ്യൂട്ടും ക്വീൻസ്‌ റൂമും തുടങ്ങി വിവിധ വലിപ്പത്തിലുള്ള 447 മുറികളാണ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. റെസ്റ്റോറൻറുകളും പൂളും ജിമ്മും ഷോപ്പിങ്​ ഏരിയയും തീയേറ്ററും തുടങ്ങി സകല സജ്ജീകരങ്ങൾ വേറെയുമുണ്ട്​. കൂടാതെ വിവാഹം, ബിസിനസ് മീറ്റ്​ പോലുള്ള ചടങ്ങുകൾ അവിസ്മരണീയമാക്കണം എന്ന് ചിന്തിക്കുന്നവർ ഇവന്‍റ്​ ഡെസ്റ്റിനേഷനായി ഇവിടം തിരഞ്ഞെടുക്കാറുണ്ട്.

'എന്‍റെ കല്യാണം കപ്പലിൽ വെച്ചാ നടന്നത്' എന്ന് പറയുന്നതിന്‍റെ ഗമ ഒന്ന് വേറെ തന്നെ. കപ്പൽ യാത്രകളിലെ പ്രത്യേകതകളും, സൗകര്യങ്ങളും, പരിമിതികളും, ആഢംബര സംവിധാനങ്ങളും, നിർമാണത്തിലെ വൈദഗ്ധ്യവും, കപ്പൽ നിയന്ത്രണത്തിനുള്ള ഒരുക്കങ്ങളും ഒക്കെ പൊതുജനങ്ങൾക്ക് കണ്ട് മനസിലാക്കാൻ ഒരു ഹെറിറ്റേജ് ടൂർ പാക്കേജ് ക്യൂ.ഇ-2 അധികൃതർ നൽകി വരുന്നുണ്ട് . വിവിധ പാക്കേജുകളുടെ വിശദശാംശങ്ങൾ qe2.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Tags:    
News Summary - Queen Elizabeth II offers luxury cruise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.