ഷാർജ: ഗസ്സ വിഷയത്തിൽ അമേരിക്കൻ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി നടന്ന ടെലിവിഷൻ ഇന്റർവ്യൂവിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഈജിപ്ഷ്യൻ കൊമേഡിയൻ ബാസിം യൂസുഫ് വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തും.
രാത്രി എട്ടിന് ബാൾ റൂമിൽ നടക്കുന്ന പാനൽ ചർച്ചയിലാണ് അദ്ദേഹം പങ്കെടുക്കുക. ശേഷം ഇദ്ദേഹം എഴുതിയ ‘ദി മാജിക്കൽ റിയൽട്ടി ഓഫ് നാദിയ’ പുസ്തകത്തിൽ ഒപ്പുചാർത്തും.
13 വർഷം ഹൃദയ ശസ്ത്രക്രിയ വിദഗ്ധനെന്ന നിലയിൽ തിളങ്ങിയ അദ്ദേഹം 2011ൽ മാധ്യമരംഗത്തേക്ക് തിരിയുകയായിരുന്നു. 2013ലെ ടൈം മാഗസിന്റെ ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടിയിൽ ഇടംപിടിച്ചിരുന്നു.
അടുത്തിടെയാണ് പിയേഴ്സ് മോർഗൻ നടത്തിയ ഇന്റർവ്യൂവിൽ ബാസിം നൽകിയ രസകരവും അതേസമയം ചിന്തിപ്പിക്കുന്നതുമായ മറുപടികൾ ശ്രദ്ധപിടിച്ചുപറ്റിയത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മോർഗന്റെ ചോദ്യങ്ങൾ. ഇതിന് ആക്ഷേപഹാസ്യത്തിലൂടെ ബാസിം നൽകിയ മറുപടികൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ പിയേഴ്സ് മോർഗനെതിരെ വലിയ വിമർശനത്തിന് ഇടനൽകുകയും ചെയ്തിരുന്നു. ബാസിമുമായുള്ള മോർഗന്റെ ഇന്റർവ്യൂ യൂട്യൂബിൽ മാത്രം 21 ദശലക്ഷം പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.