അതിരില്ലാത്ത ആഘോഷം..

ഷാർജ: അതിരുകളില്ലാത്ത ആഘോഷത്തിലേക്ക് ഇനി 11 നാൾ ദൂരം. മൂന്ന് വർഷത്തെ മനോഹര സംഘാടനവും ജനപങ്കാളിത്തവുംകൊണ്ട് മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ മഹോത്സവം എന്ന പദവി നേടിയ 'ഗൾഫ് മാധ്യമം' കമോൺ കേരളയുടെ നാലാം അധ്യായത്തിലും പ്രവാസികളെ കാത്തിരിക്കുന്നത് അടിപൊളി ആഘോഷങ്ങൾ. യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ നെഞ്ചേറ്റുന്ന വാണിജ്യ, വിനോദ, സാംസ്കാരിക മേളയിലെ മൂന്ന് ദിനങ്ങളിലും മാസ്മരിക സംഗീതത്തിന്‍റെ താളമേളപ്പെരുക്കം ആസ്വദിക്കാം.

ജൂൺ 24ന് രാവിലെ പത്ത് മുതൽ ഷാർജ എക്സ്പോ സെന്‍ററിന്‍റെ വാതിലുകൾ സന്ദർശകർക്കായി തുറന്നുകിടക്കും. വാണിജ്യ, വിദ്യാഭ്യാസ, കരിയർ സംവാദങ്ങളെല്ലാം രാവിലെ മുതൽ തുടങ്ങും. 'ടേസ്റ്റി ഇന്ത്യ'യിലെ ഭക്ഷണം രുചിച്ചും ഷോപ്പിങ് നടത്തിയും സ്റ്റാളുകൾ സന്ദർശിച്ചും പുത്തൻ അനുഭവങ്ങൾ ആസ്വദിച്ചും കുടുംബസമേതം ഉല്ലസിച്ചും മേള നഗരിയിൽ ചുറ്റിക്കറങ്ങാം.

വൈകുന്നേരമാണ് സംഗീത നിശ അരങ്ങേറുന്നത്. ആദ്യ ദിനമായ 24ന് സംഗീതവും സൗഹൃദവും സമ്മേളിക്കുന്ന 'ബീറ്റ്സ് ഓഫ് ഫ്രണ്ട്ഷിപ്പി'ൽ ഹിഷാം അബ്ദുൽ വഹാബ്, ജ്യോത്സ്ന, യുംന അജിൽ, അഖ്ബർ ഖാൻ എന്നിവർ പാടിത്തകർത്തും. രണ്ടാം ദിനത്തിൽ മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യരുടെ ചലച്ചിത്ര യാത്രയിലൂടെ സഞ്ചരിക്കുന്ന 'മഞ്ജു വസന്തം'. പ്രിയതാരം വേദിയിലെത്തി വിശേഷങ്ങൾ പങ്കുവെക്കുന്ന രാവിൽ വിധു പ്രതാപ്, രമ്യ നമ്പീശൻ, രാജലക്ഷ്മി, ജാസിം ജമാൽ, മുഥുൻ രമേശ് തുടങ്ങിയവർ അണിനിരക്കും. അവസാന ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ ആവേശം പരകോടിയിലെത്തിച്ച് ഉലകനായകൻ കമൽ ഹാസനെത്തും. തീയറ്ററിൽ തകർത്തോടുന്ന 'വിക്ര'മിന്‍റെ വിജയാഘോഷവും വേദിയിൽ അരങ്ങേറും. കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധകർ സദസിലേക്ക് ഒഴുകിയെത്തും.

പ്രിയ ഗായകരായ സിതാര കൃഷ്ണകുമാർ, ആൻ ആമി, അഖ്ബർ ഖാൻ, ജ്ഞാന ശേഖർ, മിഥുൻ ജയരാജ്, റംസാൻ എന്നിവർ ഷാർജ എക്സ്പോ സെന്‍ററിന്‍റെ സദസിനെ ആനന്ദനൃത്തമാടിക്കും. 

Tags:    
News Summary - Boundless celebration ..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.