അബൂദബി: യു.എ.ഇയുടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് സമഗ്ര ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അൽ ദഫ്രയിൽ ആദ്യ ഡേ സർജറി സെന്റർ സ്ഥാപിച്ച് പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്സ്.
മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ കേന്ദ്രം അൽ ദഫ്ര റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധിയും കോടതി അണ്ടർ സെക്രട്ടറിയുമായ നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു. അബൂദബിയിലെ ബുർജീൽ ഹോൾഡിങ്സിന്റെ നാലാമത്തെ ഡേ സർജറി സെന്ററാണിത്.
അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപവത്കരിച്ചിരിക്കുന്ന സെന്റർ നൂതന പരിശോധന, ചികിത്സാ സംവിധാനങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്കുശേഷം ആശുപത്രിവാസം ഒഴിവാക്കി വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര റീജ്യൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി, അൽ-ദഫ്ര പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹംദാൻ സെയ്ഫ് അൽ-മൻസൂരി, ബുർജീൽ ഹോൾഡിങ്സ് ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി, ബുർജീൽ ഹോൾഡിങ്സ് സി.ഇ.ഒ ജോൺ സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
13 സ്പെഷാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്രത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾക്കൊപ്പം, സി.ടി സ്കാനുകൾ, എക്സ്റേകൾ, അൾട്രാസൗണ്ട്, ഫിസിയോതെറപ്പി, പുനരധിവാസം എന്നിവയും ലഭ്യമാണ്. പീഡിയാട്രിക് വാക്സിനേഷനുകൾ, കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോക്രൈനോളജി തുടങ്ങിയ പ്രത്യേക മേഖലകളിൽ ക്രോണിക് ഡിസീസ് മാനേജ്മെന്റ് സേവനങ്ങളുമുണ്ട്.
ഗ്രൂപ്പിന്റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബി.എം.സി) കീഴിലുള്ള അഡ്നോക്കിന്റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.