കാർ-ടി സെൽ തെറപ്പിക്കുള്ള ചെലവ് കുറക്കുന്നതിനുള്ള പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും
ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിക്കുന്നു
അബൂദബി: രക്താർബുദ ചികിത്സയിലെ നാഴികക്കല്ലായ കാർ-ടി സെൽ തെറപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്സ്. അബൂദബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ആദ്യദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കൻ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേർന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജൻ റിസെപ്റ്റർ ടി- സെൽ തെറപ്പി ബുർജീൽ ഹോൾഡിങ്സ് പ്രാദേശികതലത്തിൽ നിർമിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തി അർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന നൂതന അർബുദ ചികിത്സാ രീതിയായ കാർ-ടി സെൽ തെറപ്പിക്ക് യു.എസിലും യൂറോപ്പിലും 350,000 മുതൽ 10 ലക്ഷം യു.എസ് ഡോളറിലധികം വരെയാണ് ചെലവ്.
ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങളുടെ ചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്ന തെറപ്പി പൊതുവെ മറ്റു ചികിത്സാ മാർഗങ്ങൾ ഫലിക്കാതെ വരുമ്പോഴാണ് നടത്തുന്നത്.
എന്നാൽ, ഉയർന്ന ചികിത്സാ ചെലവ് കാരണം ആഗോളതലത്തിൽ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുർജീൽ-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചെലവ് 90 ശതമാനംവരെ കുറക്കാൻ സാധിക്കും. പദ്ധതിയുടെ പ്രഖ്യാപനം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹെമറ്റോളജി, ഓങ്കോളജി ആൻഡ് സെല്ലുലാർ തെറപ്പി സെന്റർ ഡയറക്ടർ ഡോ. അജ്ലാൻ സാക്കി, കെയറിങ് ക്രോസ് എക്സിക്യൂട്ടിവ് ഡയറക്ടർ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.