ദുബൈ: നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ഇനി ബിസിനസ് ബേയിലേക്കും. ഒരു മാസത്തെ വിജയകരമായ പരീക്ഷണയോട്ടത്തിന് ശേഷമാണ് പദ്ധതി ബിസിനസ് ബേ ഭാഗത്തേക്ക് കൂടി നീട്ടുന്നത്.
പൊതുജനങ്ങളുടെ ഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സുപ്രധാന മേഖലകളിലെ തിരക്ക് കുറക്കുന്നതിനും വേണ്ടിയാണ് ബസ് ഓൺ ഡിമാൻഡ് സർവിസ് ബിസിനസ് ബേയിലേക്ക് നീട്ടാൻ തീരുമാനിച്ചതെന്ന് ആർ.ടി.എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് വകുപ്പ് ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു. എമിറേറ്റിലെ നിരവധി കോർപറേറ്റ് ഓഫിസുകളുടെയും ബിസിനസുകളുടെയും കേന്ദ്രമായ ബിസിനസ് ബേയിൽ സേവനം ഏർപ്പെടുത്താനുള്ള ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ബസ് ഓൺ ഡിമാൻഡ് സേവനത്തിന് പൊതുഗതാഗത ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പുതിയ വിപുലീകരണത്തിൽ പ്രധാന മേഖലകളും മെട്രോ, ട്രാം സ്റ്റേഷനുകളും ഉൾപ്പെടുത്തിയതിനാൽ ഉപഭോക്താക്കൾ വർധിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലും സുരക്ഷിതമായും യാത്രചെയ്യാൻ സൗകര്യപ്പെടുത്തുന്ന സംയോജിത പൊതുഗതാഗത ശൃംഖല ഇത് പ്രദാനം ചെയ്യുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ലഭ്യമായ ദുബൈ ബസ് ഓൺ ഡിമാൻഡ് ആപ് വഴിയാണ് സേവനം ലഭ്യമാക്കുന്നത്. 14 സീറ്റുകളുള്ള മിനി ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ബസ് ഡ്രൈവർമാർക്ക് ആപ് വഴി സർവിസ് ആവശ്യപ്പെടുന്നവരുമായി നേരിട്ട് ആശയവിനിമയം നടത്താനാകും. നിലവിൽ അൽ ബർഷ, അൽ നഹ്ദ, ദുബൈ സിലിക്കൺ ഒയാസിസ്, ബിസിനസ് ബേ എന്നിവിടങ്ങളിലാണ് സേവനമുള്ളത്. ഈ വർഷാവസാനം എമിറേറ്റിലെ മറ്റ് പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ ആർ.ടി.എ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.