ഫുജൈറ: അനാവശ്യമായി പൊലീസിനെ 15 തവണ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയാൾക്ക് 50,000 ദിർഹം (പത്ത് ലക്ഷം രൂപ) പിഴ. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ കോടതിയാണ് പിഴ വിധിച്ചത്.
ഫുജൈറ അൽ മദീന പൊലീസ് സ്റ്റേഷനിലാണ് സംഭവം. തന്‍റെ സാധന സാമഗ്രികൾ മറ്റൊരു പരിചയക്കാരന്‍റെ വീട്ടിലാണെന്നും ഇത് വീണ്ടെടുക്കുന്നതിന് പൊലീസ് പട്രോളിങ് സേവനം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൊലീസുകാരൻ ഇയാളെ അറിയിച്ചെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. 15 തവണയാണ് ഇങ്ങനെ വിളിച്ചത്.
ഇത് മൂലം മറ്റുള്ള കോളുകൾ കൈകാര്യം ചെയ്യുന്നതിന് തടസം നേരിട്ടു. ഓരോ കോളിലും ഇയാൾ മോശമായാണ് പൊലീസിനോട് സംസാരിച്ചത്. ഇതേതുടർന്ന് ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ പറഞ്ഞ പരിചയക്കാരന്‍റെ വീട്ടിൽ അന്വേഷിച്ചെങ്കിലും തന്‍റെ വീട്ടിൽ അങ്ങിനെയൊരു സാധനം ഇല്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്ന് പ്രതിയോട് മെഡിക്കൽ പരിശോധനക്ക് ഹാജരാകണമെന്ന് പറഞ്ഞെങ്കിലും വിസമ്മതിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ സാമ്പിൾ പരിശോധനക്കായി ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല.
പരിശോധിക്കാനെത്തിയ ഡോക്ടറെയും ഇയാൾ അനുവദിച്ചില്ല. ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. ആൽക്കഹോൾ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും ഉയർന്ന രക്തസമ്മർദമുണ്ടെന്ന് കണ്ടെത്തി.
ഇയാളോട് ആശുപത്രിയിൽ തുടരാൻ പറഞ്ഞെങ്കിലും ആശുപത്രി വിട്ട് പോയി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 50,000 ദിർഹം പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഫെഡറൽ ഡിക്രീ നിയമത്തിലെ ആർട്ടിക്ക്ൾ 72/1 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.