റാസല്‍ഖൈമ: ദുബൈയിലെ കാര്‍ഗോ സ്റ്റോറിലെ തീപിടിത്തത്തില്‍ സാധനങ്ങള്‍ നഷ്ടമായ പ്രവാസികള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍. 2020 ജൂലൈ ആറിനായിരുന്നു ദുബൈയിലെ കാര്‍ഗോ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. നാട്ടിലെത്തിക്കുന്നതിന് കാര്‍ഗോയെ ഏല്‍പ്പിച്ച ഒട്ടേറെ പേരുടെ സാധന സാമഗ്രികളാണ് തീപിടിത്തത്തില്‍ നശിച്ചത്. ഇതിലൂടെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്ക് ഭീമമായ ധനനഷ്ടം സംഭവിച്ചു. പതിറ്റാണ്ടുകളായി യു.എ.ഇയില്‍ പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് തിരിച്ചവരുടെ സാധന സാമഗ്രികളും നഷ്ടമായവയിലുള്പ്പെടും. ഇവര്‍ക്ക് ഇത് വിലമതിക്കാനാകാത്ത നഷ്ടമാണ്. ഇന്‍ഷുറന്‍സ് തുകയുള്‍പ്പെടെ ഈടാക്കിയാണ് നാട്ടില്‍ എത്തിക്കുന്നതിന് കാര്‍ഗോ സ്ഥാപനം പ്രവാസി മലയാളികളില്‍നിന്ന് സാധനങ്ങള്‍ സ്വീകരിച്ചത്. ജോലി നഷ്ടപ്പെട്ടും മതിയാക്കിയും യു.എ.ഇ വിട്ടവര്‍ നിശ്ചിത സമയം കഴിഞ്ഞും തങ്ങളുടെ വസ്തുവകകള്‍ നാട്ടിലെത്താതിരുന്നപ്പോഴുള്ള അന്വേഷണത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
സാധനങ്ങളേല്പ്പിച്ചവരില് പലരും വാര്‍ത്തകളിലൂടെയാണ് കാര്‍ഗോ സ്ഥാപനത്തിലുണ്ടായ തീ പിടിത്ത വിവരം അറിയുന്നത്. സംഭവം നോര്‍ക്കയെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചു. അധികൃതർക്ക് അപേക്ഷകളും പരാതികളും സമര്‍പ്പിച്ചു. അനുകൂല നടപടികളൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വിഷമാവസ്ഥയിലായവര് പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) വഴി കോടതിയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്ന് യു.എ.ഇ കണ്ട്രി ഹെഡ് ശ്രീധരന് പ്രസാദ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പി.എല്‍.സി പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം മുഖേനയാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനോട് മറുപടി ഫയല്‍ ചെയ്യാനാവശ്യപ്പെട്ട ജസ്റ്റിസ് പി.വി. ആശ അധ്യക്ഷയായ ബെഞ്ച് മാര്‍ച്ച് മൂന്നിന് ഹരജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചതായും പ്രസാദ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയില്‍ വിദേശത്ത് ജോലി നഷ്ടമായവര്‍ക്ക് ലഭിക്കേണ്ട ശമ്പളവും ആനുകൂല്യങ്ങളും കിട്ടാത്ത സാഹചര്യത്തില്‍ ഇവ ലഭിക്കുന്നതിന് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കേരള ഹൈകോടതി ഡിവിഷന് ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിെൻറ ചുവടുപിടിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കി പ്രശ്നപരിഹാരത്തിന് ഇന്ത്യന്‍ എംബസിക്ക് നിർദേശം നല്‍കണമെന്നാണ് ഹരജിയില്‍ പരാതിക്കാരുടെ മുഖ്യ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.