ഫുജൈറ: നാട്ടിലേക്കയക്കാൻ പ്രവാസികൾ നൽകിയ വിലപിടിപ്പിള്ള വസ്തുക്കളും ലക്ഷക്കണക്കിന് രൂപയുമായി ഉടമകൾ നാട്ടിലേക്ക് മുങ്ങിയതായി പരാതി. ഫുജൈറ ദിബ്ബയിൽ പ്രവർത്തിച്ചിരുന്ന എ.എം.ടി കാർഗോ എന്ന സ്ഥാപനത്തിന്‍റെ ഉടമകളാണ് മുങ്ങിയത്. ഉടമകളായ കോഴിക്കോട് പയ്യോളി സ്വദേശി അർഷദ്, തൃശൂർ സ്വദേശി ബാബു എന്നിവർക്കെതിരെ ഉപഭോക്താക്കൾ യു.എ.ഇയിലും കേരളത്തിലും പരാതി നൽകി.
ഇവർ നടത്തിയിരുന്ന സ്ഥാപനത്തിൽ നൂറുകണക്കിന് കാർഗോ ബോക്സുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിലെ വിലപ്പെട്ട സാധനങ്ങൾ എടുത്തശേഷമാണ് ഇവർ മുങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. പ്രവാസികൾ പ്രതീക്ഷയോടെ നാട്ടിലേക്ക് അയക്കാൻ ഏൽപിച്ച നിരവധി സാധനങ്ങളാണ് ഇവിടെക്കിടന്ന് നശിക്കുന്നത്. ഇവർ മുങ്ങിയതോടെ സ്പോൺസറായ യു.എ.ഇ പൗരൻ ഈ സാധനങ്ങളെല്ലാം മറ്റൊരു ഫാമിലേക്ക് മാറ്റിയിട്ടുണ്ട്. ബില്ലുമായി എത്തുന്നവർക്ക് ഈ സാധനങ്ങൾ തിരികെ നൽകാൻ സ്പോൺസർ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനം വഴി കാർഗോ അയച്ചവർ ബില്ലുമായി ഇവിടെ നേരിട്ട് എത്തിയാൽ ഇവിടെയുള്ള സാധനങ്ങൾ തിരികെ നൽകുന്നുണ്ട്. കാർഗോ തുകയായി ഉപഭോക്താക്കൾ അയച്ച ലക്ഷക്കണക്കിന് രൂപയുമായാണ് ഇവർ മുങ്ങിയിരിക്കുന്നത്. ഉപഭോക്താക്കൾക്കുപുറമെ കാർഗോയുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകാർക്കും ഇവർ പണം നൽകാനുണ്ട്. ഇവരുടെ നമ്പർ സ്വിച്ച് ഓഫ്ചെയ്ത നിലയിലാണ്. 2019 വരെ സജീവമായിരുന്ന ഈ കമ്പനിയുടെ സമൂഹമാധ്യമ പേജുകൾ നിലവിൽ നിർജീവമായ നിലയിലാണ്. മലയാളികൾക്കുപുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി പേരും ഇവരുടെ തട്ടിപ്പിന് ഇരയായി. ഇവർ യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തിൽ പരാതി നൽകിയിട്ടുണ്ട്. മലയാളികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.