യു.എ.ഇ യാത്രക്ക് എമിറേറ്റ്സ് ഐ.ഡി കൈയില്‍ കരുതണം

ദുബൈ: യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കുക. യു.എ.ഇയില്‍ അടുത്തിടെ നടപ്പിലായ സുപ്രധാന മാറ്റമാണ് വിദേശികള്‍ക്കനുവദിക്കുന്ന റസിഡന്‍റ്സ് വിസകള്‍ പാസ്പോര്‍ട്ടുകളില്‍ പതിക്കുന്നതിന് പകരം നിലവിലുള്ള തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത്. ഇത്തരത്തില്‍ പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുള്‍പ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം.

പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എന്‍ട്രി പെര്‍മിറ്റ്, അതത് രാജ്യങ്ങളിലെ വിസ കാര്‍ഡ് (യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി), ഇ-വിസ തുടങ്ങിയവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് മാത്രമാണ് വിമാന കമ്പനികള്‍ ബോര്‍ഡിങ് പാസ് അനുവദിക്കുന്നത്.

യു.എ.ഇ ഐ.സി.പി (UAEICP), യു.എ.ഇ പാസ് എന്നിവ വഴി പുതുക്കിയ വിസയുടെ കോപ്പിയെടുത്ത് കൈയില്‍ കരുതിയാലും വിമാന കമ്പനികളും എമിഗ്രേഷന്‍ വിഭാഗവും എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെടുന്നുണ്ട്. വിമാന കമ്പനികള്‍ എമിറേറ്റ്സ് ഐ.ഡിയും പാസ്പോര്‍ട്ടുമായി ഒത്തുനോക്കി ബോര്‍ഡിങ് അനുവദിക്കുമ്പോള്‍ എമിഗ്രേഷന്‍ വിഭാഗം എമിറേറ്റ്സ് ഐ.ഡി ഇലക്ട്രോണിക് ഡിവൈസില്‍ സ്വൈപ് ചെയ്ത ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കി യാത്ര അനുവദിക്കുന്നത്.

എമിറേറ്റ്സ് ഐ.ഡി കൈയില്‍ കരുതാത്തതിനാല്‍ യാത്ര മുടങ്ങിയെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം ശരിയാകാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി യു.എ.ഇയിലെത്തിയയാള്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പുതിയ വിസ അനുവദിച്ചുകിട്ടിയ താന്‍ ഒരു മാസം മുമ്പാണ് കേരളത്തിലേക്ക് പോയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പുതിയ വിസയുടെ കോപ്പിയും എമിറേറ്റ്സ് ഐ.ഡിയും കൈയില്‍ കരുതിയിരുന്നു.

പാസ്പോര്‍ട്ടില്‍ വിസ തിരയുന്ന ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ താന്‍ വിസയുടെ കോപ്പി കാണിച്ചെങ്കിലും പുതിയ വിസയാണെങ്കില്‍ എമിറേറ്റ്സ് ഐ.ഡി കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എമിറേറ്റ്സ് ഐ.ഡി കാണിച്ച ശേഷം മാത്രമാണ് വിമാനക്കമ്പനിയും എമിഗ്രേഷന്‍ വിഭാഗവും തന്‍റെ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Carry an Emirates ID for travel to the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.