ദുബൈ: കമ്പ്യൂട്ടർ സ്ക്രീനിൽ കണ്ണ് മിഴിച്ചിരിക്കുന്ന സുന്ദരിപ്പൂച്ചയെ കണ്ട് കൊതി മൂത്താണ് ഇമറാത്തി യുവാവ് അതിനെ വാങ്ങാൻ തീരുമാനിച്ചത്. പൂച്ച വിൽപനക്കാരി വെബ്സൈറ്റിൽ ഇട്ട ചിത്രം കണ്ട് ഉന്നത കുലജാതയായ പൂച്ചയാണെന്ന് ധരിച്ച് 8000 ദിർഹത്തിന് കച്ചവടമുറപ്പിച്ചു. പണം കച്ചവടക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കുകയും ചെയ്തു. കാത്തുകാത്തിരുന്ന് പൂച്ച വന്നേപ്പാൾ യുവാവ് ഞെട്ടി. കിട്ടിയത് സാധാരണ കുലത്തിൽ പോലും പെടുത്താനാവാത്ത, അസുഖം പിടിച്ച് എണീറ്റു നിൽക്കാൻ വയ്യായായ ഒരു പൂച്ചക്കോലം. അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിക്കുന്നതരം ചതിയാണ് പൂച്ച വിൽപ്പനക്കാരി നടത്തിയതെന്ന് മനസിലായ ഇമറാത്തി ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, പൂച്ച കിടന്നിടത്ത് പൂടയില്ലെന്ന് പറഞ്ഞപോലായി കാര്യങ്ങൾ. ഒാൺലൈനിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിൽപനക്കാരിയെ കണ്ടെത്താനായില്ല. തുടർന്ന് അധികൃതർക്ക് പരാതി നൽകി. വിൽപനക്കാരിയായ അറബ് വനിതയെ അന്വേഷണ സംഘം ഞൊടിയിടയിൽ കണ്ടെത്തി.
ഒാൺലൈൻ വഴി ആളുകളെ പറ്റിക്കുന്നു എന്ന കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി. എന്നാൽ താൻ പൂച്ച, പട്ടി, തത്ത തുടങ്ങിയ ഒാമനകളെ വിൽക്കുന്ന സ്ഥാപനത്തിലെ വെറും പണിക്കാരി മാത്രമാണെന്നും മുതലാളിക്ക് വേണ്ടി കച്ചവടം നടത്തുക മാത്രമാണ് ജോലിയെന്നും അവർ കരഞ്ഞുപറഞ്ഞു. കമ്പനിയുടെ അക്കൗണ്ട് തകരാറിലായതിനാൽ സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയതാണെന്നും അത് മുതലാളിക്ക് നൽകിയെന്നും അവർ പറഞ്ഞു. പൂച്ചയെ കൊടുക്കുന്നത് വേെറ ആളുകളാണെന്നും ഇൗ പൂച്ചയെ കണ്ടിട്ടുപോലുമില്ലെന്നും പറഞ്ഞതോടെ അറബ് വനിതയെ കോടതി വെറുതെ വിട്ടു. പക്ഷേ, പൂച്ചക്കേസ് ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രോഗബാധിതനായ പൂച്ചക്കൊപ്പം ദു:ഖിതനായി കഴിയുകയാണ് ഇപ്പോൾ ഇമിറാത്തി യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.