ദുബൈ: ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര സർക്കാർ ബജറ്റ് പ്രവാസികളെ നിരാശപ്പെടുത്തി.
തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സബ്സിഡി, വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിഹിതം തുടങ്ങി പ്രവാസികളുടെ സ്ഥിരം ആവശ്യങ്ങളോട് ഇത്തവണയും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ മുഖംതിരിച്ചു.
മധ്യവർഗക്കാർക്ക് സന്തോഷം പകരുന്ന നികുതി നിർദേശത്തിലും പ്രവാസികൾക്ക് സന്തോഷിക്കാൻ വകയില്ല. ആദായനികുതി പരിധി വർധിപ്പിച്ചത് പ്രവാസികൾക്ക് നേട്ടമാവില്ല. 12 ലക്ഷം വരെ വരുമാനത്തിന് ആദായ നികുതിയില്ല എന്ന നിർദേശം ഗുണം ചെയ്യുക നാട്ടിലെ ശമ്പളക്കാർക്കാണ്.
യഥാർഥത്തിൽ നാലുമുതൽ എട്ടുലക്ഷം വരെ വരുമാനമുള്ളവർക്ക് അഞ്ചു ശതമാനവും എട്ടുമുതൽ 12 ലക്ഷം വരെ വരുമാനത്തിന് പത്തുശതമാനവും ആദായനികുതിയുണ്ട്. 12 ലക്ഷം വരെയുള്ളവർക്ക് റിബേറ്റ് നൽകിയാണ് നികുതിയിൽനിന്ന് ഒഴിവാക്കുന്നത്.
ഈ റിബേറ്റ് പക്ഷേ മൂലധന നേട്ടത്തിൽനിന്നുള്ള വരുമാനത്തിന് ലഭിക്കില്ല.
വസ്തു വിൽപനയിലൂടെയോ ഓഹരി ഇടപാടിലൂടെയോ ലഭിക്കുന്ന വരുമാനം മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. പ്രവാസികൾ ഇത്തരം ഇടപാടിലൂടെ നാലു ലക്ഷത്തിൽ കൂടുതൽ ലാഭമുണ്ടാക്കിയാൽ നികുതി നൽകണം.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ കേന്ദ്ര സര്‍ക്കാര്‍ ടാക്സ് ഇന്‍ഡെക്സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെ നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാറിലേക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരുന്നു.
2024 ജൂലൈ 23ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്സേഷനോടുകൂടിയ 20 ശതമാനം നികുതിയോ ഇന്‍ഡെക്സേഷന്‍ കൂടാതെ 12.5 ശതമാനം നികുതിയോ തിരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നെങ്കിലും ഈ ആനുകൂല്യം പ്രവാസികൾക്ക് ലഭിക്കുന്നില്ല.
ഇന്ത്യൻ പൗരൻ എന്നതിന് പകരം സ്ഥിര താമസക്കാർ എന്ന വാക്ക് ഉപയോഗിച്ചതിലൂടെയാണ് പ്രവാസികൾ ആനുകൂല്യത്തിന്റെ പരിധിക്ക് പുറത്തായത്.
ഈ വിഷയത്തിൽ നാട്ടിലുള്ളവർക്ക് നൽകുന്ന അതേ പരിഗണന പ്രവാസികൾക്കും നൽകണമെന്ന് പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെങ്കിലും വർഷങ്ങളായി ബജറ്റിൽ അവഗണന നേരിടുന്ന വിഭാഗമാണ് പ്രവാസികൾ. പ്രവാസി ക്ഷേമത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളമടക്കം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. 300 കോടിയുടെ പാക്കേജ് വേണമെന്നാണ് കേരള ധനമന്ത്രി ആവശ്യപ്പെട്ടത്.
ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന കേരള ബജറ്റിലെങ്കിലും പ്രവാസികൾക്ക് അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് മലയാളികളായ പ്രവാസികളുടെ പ്രതീക്ഷ.
ദുബൈ: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ പേര് സൂചിപ്പിക്കാൻ പോലും തയാറാകാത്ത കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്ന് യു.എ.ഇയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനും ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവിസസ് സ്ഥാപക ഡയറക്ടറുമായ കെ.വി. ശംസുദ്ദീൻ.
കഴിഞ്ഞ വർഷം മാത്രം 12,910 കോടി ഡോളറാണ് പ്രവാസികൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് സംഭാവന നൽകിയത്. ലോകത്ത് ഒരു രാഷ്ട്രത്തിനും കിട്ടാത്തത്ര വലിയ സംഖ്യയാണിത്.
കെ.വി. ശംസുദ്ദീൻ
എന്നിട്ടും പ്രവാസികൾക്ക് ഗുണകരമാവുന്ന ഒരു തീരുമാനവുമുണ്ടായില്ല. കൂടാതെ തിരികെ പോകുന്ന പ്രവാസികൾക്ക് ജീവിക്കാൻ വരുമാനം കിട്ടത്തക്ക വിധത്തിൽ ഒരു സംവിധാനവും കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുടെ പേരിൽ പ്രധാനമന്ത്രി പ്രവാസി സുരക്ഷ ഫണ്ട് തുടങ്ങണമെന്ന നിർദേശം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ലെന്നതും ഖേദകരമാണ്. അതേസമയം, ആദായനികുതി പരിധി ഉയർത്തിയ നടപടി ആശ്വാസകരമാണ്. ആദായനികുതി പരിധി ആറ് ലക്ഷത്തിൽനിന്ന് 12 ലക്ഷമായാണ് ഉയർത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാവാത്ത നികുതിയിളവാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ക്യാപിറ്റൽ മാർക്കറ്റ് നിക്ഷേപകരെ സംബന്ധിച്ച് മ്യൂചൽ ഫണ്ടിൽ നിക്ഷേപമിറക്കുന്നവർക്ക് ഒരു വർഷത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാപിറ്റൽ ഗെയിൻ ടാക്സ് ഇളവുണ്ട്.
അത് ഓഹരിയിൽ നിക്ഷേപിക്കുന്നവർക്കും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. വിപണി തകർച്ച നേരിടുന്ന സാഹചര്യത്തിൽ വിപണിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഒരു മാറ്റവും കാണുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ: കേരളത്തെ ഉൾപ്പെടെ പല സംസ്ഥാനങ്ങളെയും പ്രവാസികളെയും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസ ക്ഷേമബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞമ്മദ്.
ഇന്ത്യൻ സമ്പദ്ഘടനയെതന്നെ പരിപൂർണമായി അവഗണിച്ചിരിക്കുകയാണ് കേന്ദ്രബജറ്റ്. കേരളത്തെയും തെക്കൻ സംസ്ഥാനങ്ങളെയും പൂർണമായും ബജറ്റ് അവഗണിച്ചു.
ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോഴാണ് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോടുപോലും മുഖംതിരിച്ചത്. 24,000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. മുണ്ടക്കൈ- ചൂരൽമലക്കായി പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യവും തള്ളി.
വയനാടിനോട് കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈകോടതി അടക്കം ചൂണ്ടിക്കാട്ടിയതാണ്. ബി.ജെ.പി ഒഴികെ കേരളത്തിലെ എം.പിമാർ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച് വയനാട് സഹായത്തിനായും സമ്മർദം ചെലുത്തിയതുമാണ്.
അവയൊന്നും പരിഗണിക്കാൻ പോലും തയാറായില്ല. പ്രവാസി വിരുദ്ധ ബജറ്റാണി തെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ദുബൈ: ഇന്ത്യയുടെ സാമ്പത്തികനില രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ദേശീയ ബജറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ അവഗണിക്കുന്ന പതിവ് ഇത്തവണയും തുടരുകയാണെന്ന് വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ.
പ്രവാസികളുടെ സാമ്പത്തിക നിലയിൽ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ ഇടക്കിടെയുണ്ടാകുന്ന ആഗോള സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ലഭിക്കേണ്ട വിഭാഗമാണ് പ്രവാസികൾ. രാജ്യത്തേക്ക് ഏറ്റവുമേറെ വിദേശ പണം എത്തിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കുള്ള പ്രത്യേക എൻ.ആർ.ഐ പദ്ധതികളും നിക്ഷേപ പ്രോത്സാഹനങ്ങൾക്കും രാജ്യം മുൻകൈയെടുത്തു നടത്തേണ്ടതാണ്.
ആ ഒരു സമീപനം ഇനിയും മന്ത്രാലയം കൈക്കൊള്ളുന്നില്ല. ആദായനികുതി പരിധി 12ലക്ഷം രൂപയാക്കി ഉയർത്തിയതാണ് ഈ വർഷത്തെ ബജറ്റിലെ പ്രധാന നിർദേശം. ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഇളവാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ കേരളം എന്ന വാക്ക് ഒരിക്കല്‍ പോലും പറഞ്ഞില്ല. ബിഹാർ ആണെങ്കിൽ ആവർത്തിച്ചു പറയുകയും ചെയ്തു. ആഗോള സാമ്പത്തിക മാറ്റങ്ങളുടെയും ഗൾഫ് തൊഴിൽ നയങ്ങളിലെ മാറ്റങ്ങളുടെയും വെളിച്ചത്തിൽ പ്രവാസി ഇന്ത്യക്കാരുടെ കാര്യം സവിശേഷമായി പരിഗണിക്കാത്ത ബജറ്റുകൾ പ്രതീക്ഷക്ക് വകനൽകുന്നതല്ല.
ദുബൈ: രണ്ടു കോടിയിൽപരം പ്രവാസികൾ രാജ്യത്തിന് നേടിക്കൊടുക്കുന്ന സമ്പത്ത് ചെറുതല്ലാഞ്ഞിട്ടും ആ സമൂഹത്തെ ഒരു രീതിയിലും പരിഗണിക്കാത്ത ബജറ്റ് കടുത്ത വിവേചനപരമാണെന്ന് ജനത കൾചർ സെന്റർ യു.എ.ഇ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ലോകം മുഴുവനുള്ള ഇന്ത്യക്കാരായ പ്രവാസികൾ ഇതിനെതിരെ വ്യക്തിപരമായും സംഘടനാപരമായും പ്രതിഷേധിക്കേണ്ടതുണ്ട്.
രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിനിർത്തി പ്രവാസികൾ ഒരു സമൂഹമാണെന്ന രീതിയിൽ ഇത്തരം വിഷയങ്ങളോട് നിലപാട് സ്വീകരിക്കാൻ ഒരു സംഘടിത പ്രസ്ഥാനം ആവശ്യമാണെന്നും ജനത കൾചർ സെന്റർ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, ടെന്നിസൻ ചേന്നാപ്പള്ളി സുനിൽ മയ്യന്നൂർ എന്നിവർ പ്രമേയം വഴി ആവശ്യപ്പെട്ടു.
ദുബൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് മധ്യവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചു എന്നു തോന്നുമെങ്കിലും അടിസ്ഥാനപരമായി രാജ്യത്തിന്റെ സന്തുലിതാവസ്ഥക്ക് ഒട്ടും ഗുണകരമല്ലെന്ന് പ്രവാസി ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഒ.ബി.സി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കോ കർഷക-കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിച്ചില്ല.
പതിവുപോലെ പ്രവാസികളെയും പ്രവാസികൾ ഉന്നയിച്ച പ്രശ്നങ്ങളും പൂർണമായും നിരാകരിച്ച ഒരു ബജറ്റാണിത്. അതോടൊപ്പം ബജറ്റ് ഫെഡറൽ സംവിധാനത്തെ അവഹേളിക്കുന്നതും കേരളത്തെ അവഗണിക്കുന്നതുമാണ്. ബി.ജെ.പി സർക്കാർ കേരളത്തോട് പുലർത്തുന്ന കടുത്ത പക കേന്ദ്രബജറ്റിലും ആവർത്തിച്ചിരിക്കുകയാണ്.
സമാനതയില്ലാത്ത പ്രകൃതി ദുരന്തം സംഭവിച്ച വയനാടിന്റെ പുനരധിവാസത്തിന് കൈത്താങ്ങ് നൽകാനുള്ള മനുഷ്യത്വപരമായ ഉത്തരവാദിത്തം നടപ്പാക്കാൻപോലും സർക്കാർ തയാറായില്ല.
പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖംതിരിച്ചു. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത പാലിച്ച് എല്ലാ സംസ്ഥാനങ്ങളോടും നീതി കാണിക്കുന്ന സമീപനം അല്ല മോദി സർക്കാർ സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില സംസ്ഥാനങ്ങൾക്ക് അമിതമായി വാരിക്കൊടുക്കുന്ന തന്ത്രമാണ് പതിവുപോലെ ഈ ബജറ്റുമെന്നും തെളിയിച്ചതായും പ്രവാസി ഇന്ത്യ കുറ്റപ്പെടുത്തി.
കുവൈത്ത് സിറ്റി: കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണ് ഒ.ഐ.സി.സി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അഭിപ്രായപ്പെട്ടു.
അധികാരം നിലനിർത്താൻ ബിഹാറിനോട് കൂടുതൽ കരുതൽ കാണിക്കുന്ന പ്രധാനമന്ത്രി രണ്ട് കോടിയോളം വരുന്ന പ്രവാസികളെ പ്രത്യേകിച്ച് ജീവിതമാർഗത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഗൾഫിലെ പ്രവാസികളെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദോഹ: പതിവുപോലെ പ്രവാസികളെ പരിഗണിക്കാത്ത ബജറ്റാണ് ഇത്തവണയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പ്രവാസലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വിശിഷ്യാ മിഡിൽ ഈസ്റ്റിൽ, പ്രവാസി സമൂഹത്തെ വലിയതോതിൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും അത്തരം കാര്യങ്ങൾ പരിഗണിക്കാതിരുന്നത് ഖേദകരമാണ്. പ്രവാസി പുനരധിവാസം, വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിനുള്ള സംവിധാനം തുടങ്ങിയ നിരന്തര ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടിട്ടില്ല.
പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുള്ള യാതൊരു പരിഗണനയും ബജറ്റിൽ ഇല്ല. ക്രമാതീതമായി തുടരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ബജറ്റിൽ സംവിധാനങ്ങളും ഇല്ല. രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ടുകൊണ്ട്, സംസ്ഥാനങ്ങൾക്ക് നൽകുന്ന നീക്കിയിരിപ്പിലും പദ്ധതികളിലുമുള്ള വേർതിരിവ് അപലപനീയമാണ്. കേരളത്തോട് തുടരുന്ന അവഗണനയും നീതീകരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.