അബൂദബി: ചൈനയിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നത സംഘം യു.എ.ഇയിൽ സന്ദർശനത്തിനെത്തി. ചൈനയുടെ വൈസ് പ്രീമിയർ ഹു ചുൻഹുവ നേതൃത്വം നൽകുന്ന സംഘത്തെ അബൂദബിയില ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനുള്ള താൽപര്യം ൈശഖ് മൻസൂർ സംഘത്തെ അറിയിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ച് നടന്ന സഹകരണത്തിനും വികസനത്തിനുമുള്ള ചൈന-ജി.സി.സി ഉച്ചകോടിയുടെയും റിയാദ് അറബ്-ചൈന ഉച്ചകോടിയുടെയും ഗുണഫലങ്ങളെ ശൈഖ് മൻസൂർ പ്രശംസിച്ചു. വ്യാപാരവളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സർക്കാറും സ്വകാര്യ മേഖലകളും തമ്മിലെ സഹകരണം വർധിപ്പിക്കാൻ യു.എ.ഇ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും യോഗം ചർച്ചചെയ്തു. യോഗത്തിൽ യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക വകുപ്പ് മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറും യു.എ.ഇയിലെ ചൈനീസ് അംബാസഡർ ഷാങ് യിമിങ് എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.