ദുബൈ: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച ചർച്ചകൾക്ക് ലോകം വ്യാഴാഴ്ച മുതൽ യു.എ.ഇയിൽ സംഗമിക്കും. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ 28ാം എഡിഷന് (കോപ് 28) ദുബൈയിലെ സുസ്ഥിര നഗരമായ എക്സ്പോ സിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്ന് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തിൽ കാലാവസ്ഥ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള നടപടികൾ, കാലാവസ്ഥ ധനകാര്യം തുടങ്ങിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യംവഹിക്കും.
ചാൾസ് രാജാവ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ അറബ് ഭരണാധികാരികൾ തുടങ്ങിയവർ സമ്മേളനത്തിനായി അടുത്ത ദിവസങ്ങളിൽ എത്തും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമ്മേളനത്തിൽ സാന്നിധ്യമറിയിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇത്തവണ പങ്കെടുക്കുന്നില്ല.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവരും ഉച്ചകോടിയുടെ ആദ്യ രണ്ട് ദിവസങ്ങളിലെത്തും. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും വെള്ളിയാഴ്ച വേദിയിലെത്തുന്നുണ്ട്. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടും.
സമ്മേളനവേദി ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചകളും സംസാരങ്ങളും നടക്കുന്നത് ബ്ലൂ സോണിലായിരിക്കും. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ഈ വേദിയിൽ പ്രധാന ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്.
പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കും തെരഞ്ഞെടുത്ത മാധ്യമങ്ങൾക്കും മാത്രമാണ് ഈ സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഗ്രീൻ സോണിൽ ഡിസംബർ മൂന്നു മുതൽ ആരംഭിക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇതിനായി കോപ് 28 വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പാസ് എടുക്കണം. കാലാവസ്ഥ ആക്ടിവിസ്റ്റുകൾക്ക് പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി ഇവിടെ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
യു.എ.ഇയുടെ സുസ്ഥിരത പദ്ധതികളുടെ പ്രദർശനം, വിവിധ വൈജ്ഞാനിക-സംവാദ സെഷനുകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുംവേണ്ടിയുള്ള പരിപാടികൾ എന്നിവയും ഡിസംബർ 12 വരെ ഗ്രീൻ സോണിൽ അരങ്ങേറും. വേദിയിലേക്ക് സന്ദർശകർ എത്തുന്നത് സംബന്ധിച്ച് അധികൃതർ നിർദേശം പുറപ്പെടുവിച്ചു. നവംബർ 30 മുതൽ രണ്ടാഴ്ച നീളുന്ന സമ്മേളന കാലയളവിൽ യാത്രക്ക് ദുബൈ മെട്രോ ഉപയോഗിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും പരിസ്ഥിതിസൗഹൃദപരവുമാവുകയെന്ന് അധികൃതർ നിർദേശിച്ചു. ഇതിനായി മെട്രോയുടെ സർവിസ് സമയം രാവിലെ അഞ്ചു മുതൽ രാത്രി ഒരു മണിവരെയായി ദീർഘിപ്പിക്കും. ഉച്ചകോടിയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ എക്സ്പോ സിറ്റിയുടെ സമീപത്തെ റോഡുകളിൽ ചിലത് സുരക്ഷാ ആവശ്യത്തിനായി അടക്കുമെന്നും അധികൃതർ അറിയിച്ചു.
ദുബൈ മെട്രോയുടെ റെഡ് ലൈൻ നേരിട്ട് എക്സ്പോ സിറ്റിയിൽ എത്താനുള്ള റൂട്ടാണ്. ഇതേ ലൈനിലാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കമുള്ളത്. അതിനാൽ സന്ദർശകർക്ക് യാത്ര എളുപ്പമാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. മെട്രോക്കു പുറമെ പതിനായിരം പരിസ്ഥിതി സൗഹൃദ ടാക്സികളും ഈ കാലയളവിൽ ദുബൈ നിരത്തിൽ സർവിസ് നടത്തും.
അബൂദബി ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് എക്സ്പോ സിറ്റിയിലേക്ക് ഷട്ട്ൽ സർവിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നാഷനൽ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ, കോപ് 28 പ്രസിഡന്റും യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ എന്നിവർ ഉച്ചകോടിയുടെ അവസാനഘട്ട ഒരുക്കങ്ങൾ വേദിയിലെത്തി ചൊവ്വാഴ്ച വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.