സിമി റിയാസ്, അബൂദബി

വസന്തം വിരുന്നിനെത്തുമ്പോൾ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പ്രകൃതിയെപോലെ, വളരെ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരുന്നു ആ നാളുകളെല്ലാം. ഇഫ്താർ സംഗമങ്ങളും കുട്ടികളുടെ കലപിലകളും പള്ളികളിൽ നിന്നുയരുന്ന വിശ്വാസികളുടെ ആരവങ്ങളും രുചിപരത്തുന്ന അപൂർവ വിഭവങ്ങളും നോമ്പുതുറക്കാനുള്ള ഒരുക്കങ്ങളും ഓട്ടപ്പാച്ചിലും നോമ്പുകാലത്ത് സന്തോഷത്തിന്‍റെ നിറക്കാഴ്ചയൊരുക്കും.എങ്കിലും പിന്നിട്ട നോമ്പ് വഴിയിലേക്ക് ഒന്ന് തിരിഞ്ഞുനടന്നുനോക്കി. എനിക്ക് തൊട്ടു പിറകിലുണ്ട് എന്നെ ഒട്ടിച്ചേർന്നുനിൽക്കുന്ന ഒരു പാവം നോമ്പുകാലം. ആനന്ദക്കാഴ്ചകളും ആരവങ്ങളും ഒടുങ്ങിപ്പോയ അടച്ചുപൂട്ടലിന്‍റെ ഒരു നോമ്പുകാലം.

പള്ളിവാതിലുകൾ മലർക്കെ കൊട്ടിയടക്കപ്പെട്ടതോടെ ബാങ്കിന് പിന്നാലെ ഇരമ്പിയാർക്കുന്ന വിശ്വാസിസമൂഹത്തെ കാണാതെ പോയ കാലം. വാഹനങ്ങൾ കടലിരമ്പം തീർത്ത റോഡുകളിൽ വിജനത മൂടുപടം വലിച്ചിട്ട കാഴ്ചകൾ മാത്രം. ആശ്വാസം പകരുന്ന ഇഫ്താർ കൂടാരങ്ങളില്ലാതെ കുട്ടികളുടെ കലപില ശബ്​ദങ്ങൾ കേൾക്കാതെ എന്തിന് ശ്വസിക്കാൻ ശുദ്ധവായു പോലുമില്ലാതെ ശ്വാസംമുട്ടി നിൽക്കുന്ന ഒരു പാവം നോമ്പുകാലം. ഏതൊരു വിഷമത്തിലും കൂടെ സന്തോഷങ്ങളും ഉണ്ടാകും എന്ന് ഖുർആനിൽ പറയുന്നതുപോലെ പ്രതീക്ഷകളുടെ ഒരു നുറുങ്ങ് ഇവിടെയും ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. ചികഞ്ഞെടുത്തു നോക്കിയപ്പോൾ തെളിഞ്ഞുവന്ന തിളങ്ങുന്ന വർണ പൊട്ടുകൾ. നോമ്പുകാലത്ത് ഇളംകാറ്റു കൊണ്ട് പാർക്കുകളിൽ നോമ്പുതുറക്കാനും നമസ്കരിക്കാനും എപ്പോഴും ഇഷ്​ടമായിരുന്നു. ആ കൊതിപ്പിക്കുന്ന ഓർമയിൽ കഴിഞ്ഞ നോമ്പിനും തിരഞ്ഞുനടന്നിരുന്നു എവിടെയെങ്കിലും പാർക്കുകൾ തുറന്നിരിക്കും എന്ന പ്രതീക്ഷയിൽ .... ഇല്ല ..അപ്പോഴാണ് ഇത്രയും നാൾ സുലഭമായി അനുഭവിച്ച സൗഭാഗ്യങ്ങൾ ഓർത്തത്.

കഴിഞ്ഞകാലങ്ങളിൽ നന്ദി ഇല്ലാതെ അനുഭവിച്ച ശുദ്ധവായുവിന്​ പടച്ചവനോട് നന്ദി പറയാനുള്ള മനസ്സ് ലഭിച്ചത്. വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ ഇരിക്കുമ്പോൾ ഞങ്ങൾക്കു മാത്രം വീതംവെക്കാൻ മുറികൾ നിറയെ ശുദ്ധവായു ഉണ്ടായിരുന്നു. ഇടുങ്ങിയ മുറികളിൽ ശുദ്ധവായുവിനെപോലും നോമ്പിൽ ഉൾപ്പെടുത്തേണ്ടിവന്ന മനുഷ്യരെ കുറിച്ച് അപ്പോഴാണ് ചിന്തിച്ചത്. കുടുംബ കൂടിച്ചേരലുകൾ ഒരു അവകാശം ആയിരുന്ന ആഡംബര കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞു പോയ നോമ്പുകാലം ഒരു കുടുംബസംഗമം എങ്കിലും നടന്നെങ്കിൽ എന്ന കാത്തിരിപ്പി േൻറതായിരുന്നു.

ദൂരെ ദൂരെ ഓരോ കോണുകളിൽ ഉള്ളവർ ഒരു കണ്ണാടിക്കൂട്ടിൽ വന്നപ്പോൾ, അവരുടെ വ്യക്തതയില്ലാത്ത ചിത്രങ്ങൾ കണ്ട്​ അവരോട് സംസാരിക്കുമ്പോൾ, അവർ തൊട്ടടുത്തിരുന്ന്​ എ െൻറ നോമ്പിലും ഇഫ്താറിലും പങ്കാളികളാണെന്ന് സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു മനസ്സിനെ രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞതും ആ നോമ്പ് കാലത്താണ്.

സുഹൃദ്​ബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും സംരക്ഷണവലയം ഇല്ലാതെ, നമ്മൾക്ക് നമ്മളും രക്ഷിതാവും മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവി െൻറ വലിയൊരു പാഠം കൂടി പഠിപ്പിച്ചതായിരുന്നു വിലക്കുകാലത്ത് വിരുന്നെത്തിയ ആ നോമ്പുകാലം.

മനസ്സുകളും പ്രാർഥനകളും ഒന്നായ നോമ്പുകാലം. തിരികെ വന്ന് ഈ വഴിയരികിൽ നിൽക്കുമ്പോൾ നേട്ടങ്ങളാണ് നഷ്​ടങ്ങളെക്കാൾ കൂടുതൽ കിട്ടിയത് എന്നും തിരിച്ചറിയുന്നു. നമ്മളെക്കാൾ നഷ്​ടങ്ങൾ സംഭവിച്ചവർ ഒരുപാടുണ്ടെന്നും ലോകത്ത് പലയിടങ്ങളിലും ഇപ്പോഴും ധാരാളം പേർ പ്രതിസന്ധിയിലാണെന്നും മനസ്സിലാക്കാൻ കഴിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.