ഷാർജ: റെക്കോഡുകൾ തിരുത്തിക്കുറിക്കാനുള്ളതാണ്. അത് സ്വന്തം റെക്കോഡാകുമ്പോൾ മധുരമേറും. പങ്കാളിത്തത്തിലും സന്ദർശകരുടെ എണ്ണത്തിലും ഓരോ വർഷവും റെക്കോഡ് പുതുക്കിയെഴുതുന്ന 'ഗൾഫ് മാധ്യമം' കമോൺ കേരളയുടെ നാലാം സീസണ് ജൂൺ 24ന് കൊടിയേറുമ്പോൾ ഇക്കുറിയും ലക്ഷ്യമിടുന്നത് റെക്കോഡ് സന്ദർശകരെയാണ്. 1.6 ലക്ഷം സന്ദർശകരെത്തിയ ആദ്യ എഡിഷനിൽ നിന്ന് 2.50 ലക്ഷം പേരുടെ കാൽപാദങ്ങൾ പതിഞ്ഞ മൂന്നാം സീസണും പിന്നിട്ടാണ് വീണ്ടും കമോൺ കേരള എത്തുന്നത്. ഓരോ ദിവസവും ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളാണ് ഈ സീസണിലും 'ഗൾഫ് മാധ്യമ'ത്തിന്റെ പ്രതീക്ഷ. തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റ് വിതരണം പോലും നിർത്തിവെച്ച ചരിത്രമാണ് കമോൺ കേരളയുടേത്. ഓരോ സീസൺ കഴിയുമ്പോഴും കൂടുതൽ പ്രവാസികൾ നെഞ്ചേറ്റിയ കമോൺ കേരള മഹാമാരി തീർത്ത ചെറിയൊരു ഇടവേളക്ക് ശേഷമാണ് ഷാർജയിലേക്ക് വീണ്ടും എത്തുന്നത്.
ദുബൈ എക്സ്പോ പകർന്ന ഊർജത്തിൽ നിന്ന് യു.എ.ഇയിലെ വാണിജ്യ, വ്യാപാര, സാംസ്കാരിക, വിനോദ, വിദ്യാഭ്യാസ മേഖല കരകയറിയ സാഹചര്യത്തിൽ ഈ എഡിഷനിലും സന്ദർശകർ ഒഴുകിയെത്തുമെന്നുറപ്പ്. മൂന്ന് ദിവസവും ആഘോഷത്തിലാറാടാൻ ആവശ്യമായ വിഭവങ്ങളുമായാണ് നാലാം എഡിഷന്റെ വരവ്.
സകലകലാവല്ലഭൻ കമൽഹാസനും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും നേതൃത്വം നൽകുന്ന സെലിബ്രിറ്റി നിരയിലേക്ക് വരുംദിനങ്ങളിൽ കൂടുതൽ പേരുകൾ ചേർക്കപ്പെടും. ഇന്ത്യൻ സംഗീതത്തിന്റെയും മലയാളത്തിന്റെയും ഇഷ്ടഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും രുചിവൈവിധ്യങ്ങളുടെ സംഗമവും സന്ദർശകരെ എക്സ്പോ സെന്ററിലേക്ക് ആകർഷിക്കും. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പുറമെ പുതിയ പ്രോഡക്ടുകളുടെ ലോഞ്ചിങും കൂടിയാകുമ്പോൾ വ്യത്യസ്ത ഷോപ്പിങ് അനുഭവം കൂടിയായിരിക്കും കമോൺ കേരള സമ്മാനിക്കുക. വീട് എന്ന സ്വപ്നത്തിലേക്ക് വാതിൽ തുറക്കുന്ന പ്രോപ്പർട്ടി ഷോയാണ് ഈ സീസണിലെ മറ്റൊരു പ്രത്യേകത. റിയൽ എസ്റ്റേറ്റിൽ കുതികുതിക്കുന്ന യു.എ.ഇയുടെ മണ്ണിൽ നിന്നുകൊണ്ട് ലോകത്തിന്റെ ഏത് ഭാഗത്തും ഭൂമിയും വീടും സ്വന്തമാക്കാനുള്ള വഴികാട്ടിയായിരിക്കും പ്രോപ്പർട്ടി ഷോ. ഈസി പേമന്റ്, ബഡ്ജറ്റ് പോലുള്ളവയെ കുറിച്ച് ധാരണയുണ്ടാക്കാനും ഷോ ഉപകരിക്കും. ടൂറിസം പാക്കേജുകൾ, ഹെൽത്ത് ടിപ്സ്, പുതിയ ജോലി സാധ്യതകൾ, വിദ്യാർഥികൾക്കുള്ള സെഷനുകൾ, വിനോദങ്ങൾ എല്ലാം നാലാം എഡിഷന് മിഴിവേകും.
ഇതിലെല്ലാം ഉപരി അതിജീവന പാതയിൽ മുന്നേറുന്ന ബിസിനസ് ലോകത്തിനുള്ള കൈത്താങ്ങ് കൂടിയാവും കമോൺ കേരള. സംരംഭക ലോകത്തെ നൂതന ആശയങ്ങൾ പങ്കുവെക്കുന്ന ബിസിനസ് കോൺക്ലേവും ബോസസ് ഡേ ഔട്ടും ഇക്കുറിയുമുണ്ടാകും. സെലിബ്രിറ്റികളും പ്രചോദക പ്രഭാഷകരും മുൻനിര ബിസിനസുകാരുമെല്ലാം അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.