ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച വിസ നിയമലംഘകർക്കുള്ള ഇളവ് ഉപയോഗപ്പെടുത്താൻ രണ്ടാം ദിനത്തിൽ തിരക്കേറി. ആയിരത്തിലേറെ പേരാണ് ദുബൈയിൽ തിങ്കളാഴ്ച വിസ നിയമപരമാക്കിയതെന്ന് അധികൃതർ വെളിപ്പെടുത്തി.
ഇളവ് ആരംഭിച്ച ഞായറാഴ്ചയും ആയിരത്തിലേറെ പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൽ അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. 86 ആമിർ സെന്ററുകളും ജി.ഡി.ആർ.എഫ്.എ അൽ അവീർ സെന്ററിൽ ഒരുക്കിയ പ്രത്യേക കേന്ദ്രങ്ങളിലുമായാണ് ഇത്രയും പേർ ഇളവ് ഉപയോഗപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേഗത്തിൽതന്നെ അവസരം ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും അവസാന നിമിഷത്തിലേക്ക് കാത്തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു എമിറേറ്റുകൾ നൽകിയ റസിഡൻസി പെർമിറ്റുകളുടെ ഉടമകൾ അതത് എമിറേറ്റുകളിലാണ് ഇളവിന് സമീപിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അബൂദബിയിലും ടൈപ്പിങ് സെന്ററുകളിൽ അന്വേഷണവുമായി നിരവധി പേരാണ് രണ്ടാം ദിവസത്തിലും എത്തിച്ചേർന്നത്. എമിറേറ്റിൽ മിക്കവരും സ്മാർട് സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
മറ്റു എമിറേറ്റുകളിലും രണ്ടാം ദിനത്തിൽ കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ദുബൈ അവീറിലെ കേന്ദ്രത്തിൽ വിവിധ കമ്പനികൾ സ്പോട്ട് ഇന്റർവ്യൂ നടത്തി ജോലി ലഭ്യമാക്കുന്നുണ്ട്. വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യമുള്ളവർക്കും ബ്ലൂകോളർ ജോലികൾക്കും കമ്പനികളിൽ അവസരമൊരുക്കിയിട്ടുണ്ട്.
അൽ അവീറിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടെന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.
എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്. പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ എമിറേറ്റുകളിലും സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയും സജീവമായി രംഗത്തുണ്ട്. സംശയ നിവാരണത്തിന് ജി.ഡി.ആർ.എഫ്.എയുടെ കാൾ സെന്റർ നമ്പറായ 8005111 ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.