ദുബൈ: യു.എ.ഇയിൽ വിസ ലംഘിച്ച് താമസിക്കുന്നവർക്ക് പ്രഖ്യാപിച്ച ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബൈ ജി.ഡി.ആർ.എഫ്.എയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നു. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
ദുബൈ എമിറേറ്റ്സിലെ വിസ ഗ്രേസ് പീരിയഡ് പദ്ധതിയുടെ തയാറെടുപ്പുകളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഇളവ് നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിനായി ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവിസസ്, പ്രോആക്ടിവ് മീഡിയ കമ്യൂണിക്കേഷൻ, സർവിസസ് ഡെവലപ്മെൻറ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപവത്കരിച്ചത്. ഇതുവഴി വിസ ലംഘനക്കാർക്ക് എളുപ്പത്തിൽ അവരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി കഴിഞ്ഞ ദിവസമാണ് അനധികൃത വിസ താമസക്കാർക്ക് രണ്ടുമാസത്തെ ഗ്രേസ് പീരിയഡ് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്ന ഇളവ് കാലയളവിൽ, വിസ കാലാവധി കഴിഞ്ഞ വിദേശികൾക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടാനോ, അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറ്റാനോ സാധിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അടുത്തുതന്നെ പുറത്തിറക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.