ദുബൈ: കാലാവസ്ഥ വ്യതിയാന കാര്യത്തിൽ ‘ശ്രമിക്കാം’ എന്ന നിലപാട് മതിയാവില്ലെന്നും ഭീകരമായ നിലയിൽ ആഗോള താപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടന വേദിയിൽ സംസാരിച്ച യു.എൻ കാലാവസ്ഥ വേദിയുടെ മേധാവി സൈമൺ സ്റ്റിൽ പറഞ്ഞു. ഉച്ചകോടി പ്രതിനിധികൾ കഴുത്തിൽ തൂക്കിയ ബാഡ്ജുകൾ അഭിമാനത്തിന്റെ ബാഡ്ജായി കാണണമെന്നും കോടിക്കണക്കിന് മനുഷ്യരുടെ ജീവനുവേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുനരുപയോഗ ഊർജത്തിന്റെ വിലയിടിവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണെന്ന് യു.എൻ കാലാവസ്ഥ വ്യതിയാന വിദഗ്ധ സംഘത്തിന്റെ മേധാവിയായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജിം സ്കീ പറഞ്ഞു. ദുബൈ ആതിഥ്യമരുളുന്ന ഉച്ചകോടി പരിസ്ഥിതിക്ക് അനുകൂലമായ തീരുമാനങ്ങൾ രൂപപ്പെടുത്തുമെന്ന് വേദിയിലെത്തിയ യു.എസ് പ്രത്യേക കാലാവസ്ഥ പ്രതിനിധി ജോൺ കെറി പറഞ്ഞു.
പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങളിൽ രാജ്യങ്ങൾ സ്വീകരിച്ച നടപടികളുടെ വിലയിരുത്തലും ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളുമാണ് ഉച്ചകോടിയിൽ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ച വേദിയിൽ ആദ്യദിനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനം. ഗ്രീൻ സോണിൽ രജിസ്റ്റർ ചെയ്ത പൊതുജനങ്ങൾക്ക് ഞായറാഴ്ച മുതൽ പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.